എം.വി. വസന്ത്
തൃശൂർ: ഇനി ഇവിടെ വിരിയുന്ന പൂക്കൾ കഥകൾ പറയും, ചിരിക്കും, ഉല്ലസിക്കും. അതിനൊപ്പം പൂന്തോട്ട കാവൽക്കാരും. എല്ലാവരുടെയും പ്രതീക്ഷ അതാണ്. വിടരട്ടെ, പ്രതീക്ഷയുടെ നറുമലരുകൾ..! വഴങ്ങാത്ത മനസും ശരീരവും ഓർമകളുടെ അകത്തളങ്ങളിലേക്കു തള്ളിവിടാൻ ഇനിയിവർക്കു പൂന്തോട്ടങ്ങളുണ്ട്. പൂന്തോട്ടങ്ങളുടെ നല്ല കാവൽക്കാരായി ഇവർ വേഷപ്പകർച്ചയാടുന്പോൾ ഓട്ടിസം ഓർമയാകും. ഇനി ഈ ഹോർട്ടികൾച്ചർ പൂന്തോട്ടങ്ങളിൽ വിരിയുക ആശയറ്റ മാതാപിതാക്കളുടെ പ്രതീക്ഷകളും.
ഓട്ടിസം ബാധിച്ച കുട്ടികളെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തിനു കൃഷിപാഠങ്ങളിലൂടെ പുതിയ വാതായനങ്ങൾ തുറക്കുകയാണിവിടെ. വിദേശരാജ്യങ്ങളിൽ പതിറ്റാണ്ടുകൾക്കുമുന്പേ തുടങ്ങിയ ഹോർട്ടികൾച്ചർ തെറാപ്പി കേരളത്തിലും യാഥാർഥ്യമാകുകയാണ്. ഒരുപക്ഷേ, ഇന്ത്യയിലെതന്നെ ആദ്യത്തെ ഉദ്യമത്തിനാണ് തൃശൂർ അരണാട്ടുകര ഓട്ടിസം സെന്ററിൽ ഇന്നലെ തുടക്കമിട്ടത്.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുക എന്നതിനൊപ്പം അവരുടെ ശാരീരികവും മാനസികവുമായ വികസനവും പദ്ധതി ലക്ഷ്യമിടുന്നു.ഹോർട്ടികൾച്ചർ തെറാപ്പി ഉദ്യാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ അരണാട്ടുകര ഓട്ടിസം സെന്ററിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു.
വിഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനമെന്ന ലക്ഷ്യം മാതാപിതാക്കളുടെ മാത്രം ബാധ്യതയല്ലെന്നും ഇതിനായി സമൂഹം ഒറ്റക്കെട്ടായി നില്ക്കണമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിയോട് ഇണങ്ങിച്ചേരാനും അതിലൂടെ ശാരീരിക വൈകല്യം മറികടക്കാനുമുള്ള തെറാപ്പിയും യാഥാർഥ്യമാകുന്പോൾ കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസിക സമ്മർദം കുറയ്ക്കാനാകും. അവരിലേക്ക് പ്രതീക്ഷയുടെ സന്ദേശമായാണ് തെറാപ്പിയെത്തുന്നത്.
ഇതിനെ പ്രോത്സാഹിപ്പിക്കുക എന്നതു നാം ഓരോരുത്തരുടെയും കടമയാണെന്നും മന്ത്രി പറഞ്ഞു. മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു. വെള്ളായണി കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.ആർ. ചന്ദ്രബാബു, അസോ. പ്രഫസറും പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ. ജി.കെ ബേല, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, തൃശൂർ അർബൻ റിസോഴ്സ് സെന്റർ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ബെന്നി ജേക്കബ് പ്രസംഗിച്ചു.