തൃശൂർ: വഴിയിൽ അലഞ്ഞു നടന്നിരുന്ന വയോധികയേയും ചെറുമകനേയും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഇടപെട്ട് അഗതി മന്ദിരത്തിലെത്തിച്ചു. ശക്തൻ നഗറിൽ ഇന്നലെ വൈകുന്നേരം വയോധികയും ബാലനും അലഞ്ഞു നടക്കുന്നതുകണ്ട് ചിലർ മന്ത്രിയെ ഫോണിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ മന്ത്രി സുനിൽകുമാർ ഇവരെ വനിതാ സെല്ലിൽ എത്തിച്ചു. ഇരുവർക്കും മന്ത്രി ഭക്ഷണം വാങ്ങിക്കൊടുത്തു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
വാടക കൊടുക്കാത്തതുമൂലം നെല്ലങ്കരയിലെ വാടകവീട്ടിൽനിന്ന് ഇറക്കിവിട്ടതാണെന്നാണ് വയോധിക വടൂക്കര സ്വദേശിനി തങ്കമണി ആദ്യം പറഞ്ഞത്. എന്നാൽ ഏതാനും ദിവസംമുന്പ് വാടക വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണെന്നാണ് വാടക വീട്ടുകാർ പറയുന്നത്.
വാടകക്കുടിശിക കിട്ടിയില്ലെന്നും പരാതിപ്പെട്ടു. മന്ത്രിതന്നെ വാടകക്കുടിശിക നൽകി ആ തർക്കം പരിഹരിച്ചു. വയോധികയേയും ബാലനേയും രാമവർമപുരത്തെ അഗതിമന്ദിരത്തിലാക്കി. ബാലന്റെ സ്കൂൾ വിദ്യാഭ്യാസം തുടരാനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്.