കട്ടപ്പന: മദ്യലഹരിയിൽ വാഹനമോടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവർമാർ നിരത്തുകളിൽ അപകടഭീഷണി സൃഷ്ടിക്കുന്നു. ഡ്രൈവർമാർക്കു പുറമേ ജീവനക്കാരും മദ്യലഹരിയിലാകുന്നതോടെ ജീവൻ കൈയിൽപിടിച്ചു യാത്രചെയ്യേണ്ട സ്ഥിതിയിലാണ് ഹൈറേഞ്ചിലെ യാത്രക്കാർ.
കഴിഞ്ഞദിവസം കറുകച്ചാലിൽ നടന്ന വാഹനപരിശോധനയിൽ മദ്യപിച്ചു വാഹനമോടിച്ച മൂന്നു സ്വകാര്യ ബസ് ഡ്രൈവർമാരെയാണ് പോലീസ് പിടികൂടിയത്. കട്ടപ്പന -ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാരാണിവർ. പരിശോധന വിരളമായ കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാതയിലാണ് മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം കൂടൂതലുള്ളത്.
കൊടും വളവുകളും അഗാധമായ കൊക്കകളുമുള്ള ഹൈറേഞ്ച് പാതകളിൽ അശ്രദ്ധമായി വാഹനമോടിക്കുന്നതും യാത്രക്കാർക്കു ഭീഷണിയാണ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിതവേഗവും പലപ്പോഴും യാത്രക്കാരുമായി സംഘർഷത്തിൽ കലാശിക്കാറുണ്ട്. മോട്ടോർവാഹന വകുപ്പിന്റെ പരിശോധന കർശനമല്ലെന്നും ആക്ഷേപമുണ്ട്.