അടിമാലി: കുരുന്നുപ്രായത്തിൽ ഫാഷൻഷോ മത്സരങ്ങളിൽ നിറസാന്നിധ്യമായി അടിമാലി സ്വദേശിനിയായ വൈഗ അനിൽ. ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച വൈഗ അര ഡസനിലധികം ഫാഷൻഷോകളിൽ സാന്നിധ്യമറിയിക്കുകയും ചെയ്തു.
നവാഗതനായ പ്രദീപ് സംവിധാനം ചെയ്യുന്ന തല്ലുംപിടി എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ബാലതാരമായി ചുവടുവയ്ക്കാനൊരുങ്ങുകയാണ്. അടിമാലി ചില്ലിത്തോട് സ്വദേശികളായ അനി- ശ്രീജ ദന്പതികളുടെ മൂത്തമകളായ വൈഗ ദേവിയാർ കോളനി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
അഭിനയത്തോടൊപ്പം മൂന്നുവർഷമായി നൃത്തവും അഭ്യസിച്ചുവരുന്നു. ഗാനാലാപനത്തിലും അഭിരുചിയുണ്ട്. ആവശ്യപ്പെട്ടാൽ നിമിഷങ്ങൾക്കുള്ളിൽ മുഖത്ത് പടരുന്ന ഭാവാഭിനയമാണ് വൈഗയുടെ വിജയ രഹസ്യം. മകൾക്ക് പ്രോത്സാഹനം നൽകി അധ്യാപകനും പിതാവുമായ അനിലും വീട്ടമ്മയായ ശ്രീജയും ഒപ്പമുണ്ട്.