എരുമേലി: അപകടത്തിൽ ബൈക്കിൽ നിന്നും തെറിച്ചുവീണ ജിക്കുവും ഗോകുലും ഉരുണ്ടുമാറിയത് പാഞ്ഞുവന്ന കെഎസ്ആർടിസി ബസിന്റെ മുന്നിൽ നിന്നും. മരണം തൊട്ടുമുന്നിലെത്തി പെട്ടെന്ന് വഴിമാറിപ്പോയ കാഴ്ചയുടെ അമ്പരപ്പിൽ നാട്ടുകാർ.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ഓടെ എരുമേലി കെഎസ്ഇബി ഓഫീസിന് മുന്നിലാണ് നടുക്കുന്ന അപകടവും അവിശ്വസനീയമായ രക്ഷപ്പെടലും. ബിരുദ വിദ്യാർഥികളും റാന്നി സ്വദേശികളുമായ വയലിൽ ജിക്കു (20), മൺകുറ്റികാലായിൽ ഗോകുൽ (20) എന്നിവരാണ് കാലിലേറ്റ പരിക്കുകളോടെ മരണത്തിൽ നിന്ന് ഉരുണ്ടുമാറി ജീവിതത്തിലേക്ക് തിരികെവന്നത്. ഇവർ ബൈക്കിൽ എരുമേലിയിൽ നിന്നും കരിങ്കല്ലുമൂഴിയിലേക്ക് വരുമ്പോഴാണ് അപകടത്തിൽ പെട്ടത്.
തൊട്ടുമുന്നിൽ പോവുകയായിരുന്ന കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്ത് മുന്നിലെത്തിയതിനിടെ എതിരേ വന്ന ജീപ്പിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇരുവരും ബൈക്കുമായി റോഡിലേക്ക് ബസിന്റെ മുന്നിൽ മറിഞ്ഞുവീണു.
തൊട്ട് പിന്നിൽ ബസ് പാഞ്ഞു വരുന്നത് കണ്ട് പെട്ടെന്ന് ജിക്കുവും ഗോകുലും നൊടിയിടനേരത്തിനുള്ളിൽ ബസിന്റെ മുന്നിൽ നിന്ന് ഉരുണ്ടുമാറി. ഈ സമയം ബസിന്റെ മുന്പിലും തട്ടിയ ബൈക്ക് ബസിന്റെ അടിയിലേക്ക് തെന്നിക്കയറിയിരുന്നു. ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങൾക്കുള്ളിലായിരുന്നു.
ആലോചിക്കാൻ സമയം ഒട്ടുമില്ലാത്ത ആ നിമിഷങ്ങളിൽ ജിക്കുവും ഗോകുലും പെട്ടെന്ന് ഉരുണ്ടുമാറിയില്ലായിരുന്നുവെങ്കിൽ ഇരുവരും ബസിനടിയിൽപെട്ടു പോകുമായിരുന്നു. വളരെ വേഗം ഇവർ തെന്നിമാറി രക്ഷപ്പെടുമ്പോൾ നടുങ്ങി നിൽക്കുകയായിരുന്നു നാട്ടുകാർ. ബസ് പെട്ടെന്ന് ബ്രേക്കിട്ട് ഡ്രൈവർ നിർത്തിയപ്പോഴേക്കും ബൈക്ക് ബസിനടിയിൽപ്പെട്ടിരുന്നു.
ബൈക്കിൽ നിന്നുള്ള വീഴ്ചയിൽ കാലുകളിൽ സാരമായി പരിക്കുകളേറ്റ ഇരുവരെയും ആദ്യം എരുമേലിയിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.