കോഴിക്കോട് : സ്കൂൾ വിദ്യാര്‍ഥികളുടെ ജീവനു ഒട്ടും വില കൽപ്പിക്കാതെ സ്വകാര്യ വാഹനങ്ങള്‍ . പ്ലേ ക്ലാസ് മുതലുള്ള കുട്ടികളെ കുത്തിനിറച്ച് അപകടകരമായി സർവീസ് നടത്തുന്ന സ്കൂള്‍ വാഹനങ്ങള്‍ നിരവധിയാണ്.
നാലുചക്രമുള്ള മിനിബസുകളാണ് കൂടുതല്‍ അപകടകരം. പോലീസിനെയും മോട്ടോര്വാഹനവകുപ്പിനെയും വെല്ലുവിളിച്ചുകൊണ്ടാണ് ഇവയിൽ അനുവദിച്ചതിലും കൂടുതല്‍ കുട്ടികളെ കയറ്റുന്നത്. ഇതുമൂലം ബസിന്റെ ബോഡിയുടെ ഭാരം ടയറുകള്‍ക്ക് താങ്ങാനാകുന്നില്ല. ഇത് ബസുകള്‍ എളുപ്പത്തില്‍ മറിയാന്‍ കാരണമാകുന്നു. അപകടമുണ്ടാവുമ്പോള്‍ മാത്രം നടപടിയുമായി രംഗത്തെത്തുന്ന അധികൃതര്‍ ഇത്തരം വാഹനങ്ങളെ സ്കൂള്‍ സര്‍വീസുകളില്‍ നിന്നുമാറ്റാന്‍ തയാറാകുന്നില്ല.
അതേസമയം പരിശോധന പൂര്‍ത്തിയായ വലിയ വാഹനങ്ങള്‍ മാത്രമാണ് സ്കൂള്‍ വാഹനങ്ങളായി ഉപയോഗിക്കുന്നുള്ളൂവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. മറ്റു സ്വകാര്യ വാഹനങ്ങള്‍ സ്കൂൾകുട്ടികളുമായി പോകുന്നുണ്ടെങ്കില്‍ നിയമവിരുദ്ധമാണ്. ഇത്തരം അനധികൃത സർവീസുകൾക്കെതിരേ നടപടി സ്വീകരിക്കുന്നുണ്ട്.
ഓട്ടോറിക്ഷയിലും കുട്ടികളെ കുത്തിനിറയ്ക്കുന്നുണ്ട്. മൂന്നുപേർക്ക് സഞ്ചരിക്കാൻ അനുമതിയുള്ള ഓട്ടോകളിൽ ആറു കുട്ടികളെ കയറ്റാൻ അനുവാദമുണ്ട്. എന്നാൽ ചിലർ പത്തിനുമുകളിൽ കുട്ടികളെ കയറ്റുന്നു. ഡ്രൈവറുടെ സീറ്റിൽവരെ കുട്ടികളെ ഇരുത്തി സർവീസ് നടത്തുന്ന ഓട്ടോകളുമുണ്ട്. രക്ഷിതാക്കളിൽ ചിലരും നിയമം ലംഘിച്ചാണ് സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത്. പെട്രോള്‍ ടാങ്കിന് മുകളില്‍വരെ കുട്ടികളെ ഇരുത്തി ബാഗും കുടയും അവരുടെ കൈകളില്‍ നല്‍കിയാണ് ചിലർ വാഹനമോടിക്കുന്നത്. ഇത് ഏറെ അപകടകരമാണ്.
സ്കൂള്‍ കുട്ടികളുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാന്‍ പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പല വാഹനങ്ങളും പാലിക്കുന്നില്ല. സ്കൂള്‍ സർവീസ് നടത്തുന്ന വാഹനത്തിന്റെ മുന്നിലും പിന്നിലും നേവി ബ്ലൂ നിറത്തിൽ എഡ്യൂക്കേഷണല്‍ ഇന്സ്റ്റിറ്റ്യൂഷന് ബസ് എന്നെഴുതണം. ഓട്ടോറിക്ഷ ഒഴികെയുള്ള എല്ലാ കോണ്ട്രാക്റ്റ് കാരേജ് വാഹനങ്ങളും കുട്ടികളെ കൊണ്ടുപോകുമ്പോള്‍ ഓണ്‍ സ്കൂള്‍ ഡ്യൂട്ടി എന്ന് വെളുത്ത പാശ്ചാത്തലത്തില്‍ നീല അക്ഷരത്തില്‍ എഴുതണമെന്നും ചട്ടമുണ്ട്. എന്നാല്‍ ഭൂരിഭാഗം വാഹനങ്ങളും ഓണ്‍ സ്കൂള്‍ ഡ്യൂട്ടി ബോര്‍ഡ് വയ്ക്കാറില്ല. സ്കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രണ്ട് വശങ്ങളിലും പിറകിലും ഉണ്ടാകണം.
സ്കൂള്‍ വാഹനം ഓടിക്കുന്നവര്‍ക്ക് 10 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണമെന്നും ഹെവി വാഹനമാണെങ്കില്‍ അഞ്ചു വര്‍ഷത്തെ അധിക പ്രവൃത്തി പരിചയം കൂടി ഉണ്ടായിരിക്കണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ ഇതും പാലിക്കുന്നില്ല. വാഹനത്തിന് ഉറപ്പുള്ള വാതിലും കുട്ടികളെ കയറ്റിയിറക്കാന്‍ പ്രായപൂര്‍ത്തിയായ സഹായിയും ഉണ്ടാകണമെന്നും നിര്‍ദേശമുണ്ട് . പക്ഷെ പലവാഹനങ്ങളിലും സഹായിമാരില്ല. ബസിലെ അഗ്നിശമന ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം ലഭിച്ച ജീവനക്കാരുടെ സാന്നിധ്യം വേണമെന്നാണെങ്കിലും അതിനും ആളില്ല.