സ്വന്തം ലേഖകൻ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തിൽ സ്വർണക്കടത്തു സംഘത്തിന്റെ പങ്കിൽ കൂടുതൽ സംശയം ഉയർത്തി സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ടു വിവാദം. അപകടത്തിനു കുറച്ചു മുൻപു കൊല്ലം പള്ളിമുക്കിലെ കടയിൽ നിന്ന് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി പ്രകാശ് തന്പി കടത്തിയെന്നു ക്രൈംബ്രാഞ്ചിനു മൊഴി ലഭിച്ചു. ജ്യൂസ് കടയുടമ ഷംനാദിന്റെ സുഹൃത്ത് നിസാമിന്റെ സഹായത്തോടെയാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതെന്നു പ്രകാശൻ തന്പി ക്രൈംബ്രാഞ്ചിനു മൊഴി നൽകി.
സ്വർണക്കടത്തു കേസിൽ ഒളിവിൽ പോകുന്നതിന് മുൻപായിരുന്നു മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ജ്യൂസ് കടയുടമയും ഇക്കാര്യം സ്ഥിരീകരിച്ചതായി ക്രൈംബ്രാഞ്ച് പറയുന്നു. പോലീസ് അന്വേഷണത്തിനിടെ ബാലഭാസ്കറിന്റെ പരിപാടികളുടെ പ്രാദേശിക കോ- ഓർഡിനേറ്റർ കൂടിയായ പ്രകാശ് തന്പി ഹാർഡ് ഡിസ്ക് കൈക്കലാക്കിയത് ദുരൂഹമാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പോലീസ് അന്വേഷണം അട്ടിമറിക്കാനോ തെളിവ് നശിപ്പിക്കാനോ തന്പി ശ്രമിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുന്നതിന്റെ ഭാഗമായി ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
എന്നാൽ, ക്രൈംബ്രാഞ്ചാണ് സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് കൊണ്ടുപോയതെന്നും പ്രകാശൻ തന്പി ദൃശ്യങ്ങൾ കൊണ്ടുപോയെന്ന് മൊഴി നൽകിയിട്ടില്ലെന്നും ജ്യൂസ് കടയുടമ ഷംനാദ് പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.
സ്വർണക്കടത്തു കേസിൽ റിമാൻഡിലുള്ള പ്രകാശ് തന്പിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. പ്രകാശ് തന്പിയെ ഇന്നു കൊച്ചിയിൽ ചോദ്യംചെയ്യും.
ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ലോക്കൽ പോലീസിന്റെ അന്വേഷണത്തിനിടെയാണ് പ്രകാശ് തന്പി കൊല്ലത്തെ കടയിൽ നിന്ന് ഹാർഡ് ഡിസ്ക് മാറ്റിയത്. കാറോടിച്ചത് അർജുനാണെന്നു ബാലഭാസ്കറിന്റെ ഭാര്യ മൊഴിനൽകിയിരുന്നു. ബാലഭാസ്കറാണു കാർ ഓടിച്ചിരുന്നതെന്നാണ് അർജുൻ മൊഴി നൽകിയത്. ഇതിലേതാണു ശരിയെന്ന് അറിയാനാണ് താൻ ഹാർഡ് ഡിസ്കെടുത്ത് പരിശോധന നടത്തിയതെന്നും ഹാർഡ് ഡിസ്കിൽ നിന്ന് ഒന്നും ലഭിച്ചില്ലെന്നും ക്രൈംബ്രാഞ്ചിനോട് പ്രകാശ് തന്പി പറഞ്ഞിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്റെ അന്വേഷണത്തിൽ ജ്യൂസ് കടയുടമ ഷംനാദും ഇതേ മൊഴിനൽകി. ബാലുവിന്റെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ജ്യൂസ് കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് ഫോറൻസിക് സയൻസ് ലാബിൽ ക്രൈംബ്രാഞ്ച് പരിശോധനയ്ക്കയച്ചു.സ്വർണക്കടത്തുകേസിൽ പ്രതിയാണു പ്രകാശ്തന്പി എന്നറിഞ്ഞതോടെ ഭയന്നാണ് ജ്യൂസ് കടയുടമ മൊഴിമാറ്റിയതെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.