അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ 10,000 രൂപയുടെ പേരിൽ മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടപോയി കൊലപ്പെടുത്തി ചവറ്റുകൂനയിൽ തള്ളിയ സംഭവത്തിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധം.
കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ വീടിനു സമീപത്തെ ചവറ്റുകൂനയിൽനിന്നു കണ്ടെത്തിയത്. പെൺകുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങൾ ചവറ്റുകൂനയിൽനിന്നു തെരുവുനായ്ക്കൾ കടിച്ചുവലിച്ചു പുറത്തിട്ടപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്.
സംഭവത്തിൽ അഞ്ചു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തപ്പാൽ പട്ടണത്തിൽനിന്നാണ് പെൺകുട്ടിയ കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ വൈകിയതിനാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ അഞ്ചു പോലീസുകാരെ സസ്പെൻഡ് ചെയ്തത്.
കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവ് കടമായി വാങ്ങിയ 10,000 രൂപ തിരികെ നൽകാത്തതിനാലാണ് കൊല നടത്തിയതെന്ന് പ്രതികളായ ഷഹീദും അസ്ലമും പറഞ്ഞതായി പോലീസ് അറിയിച്ചു.
പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്നും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി പോലീസ് അറിയിച്ചു. സാന്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അലിഗഡ് എസ്പി ആകാശ് കുൽഹാരി പറഞ്ഞു. മരണം സംഭവിച്ച് 72 മണിക്കൂറിനു ശേഷമാണ് പോസ്റ്റ്മോർട്ടം നടത്തിയതെന്ന് ലക്നോ എഡിജിപി അനന്ദ് കുമാർ പറഞ്ഞു. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു.