കുമ്പള: കുമ്പളയിലെ ശാന്തിപ്പള്ളം സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ കൈയേറി കെട്ടിടം നിര്‍മിക്കാനുള്ള നീക്കം മറ്റൊരു വിഭാഗം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.
പള്ളത്തില്‍ കോണ്‍ക്രീറ്റ് പില്ലര്‍ സ്ഥാപിക്കാന്‍ കുഴിച്ച കുഴിയില്‍ അവര്‍ പാര്‍ട്ടി പതാകകള്‍ നാട്ടി. പെരുന്നാളിന്റെ മറവിലാണ് പള്ളം കൈയേറ്റമെന്നാണ് സൂചന. പെരുന്നാള്‍ ദിവസമായ ബുധനാഴ്ച ചെറിയ ജെസിബി ഇറക്കി പള്ളത്തില്‍ കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി ഫില്ലറുകള്‍ സ്ഥാപിക്കുന്നതിന് കുഴിയെടുക്കുകയും ഫില്ലര്‍ നിര്‍മിക്കുന്നതിന് വളച്ചുകെട്ടിയ കമ്പികളും കോണ്‍ക്രിറ്റ് ഉറപ്പിക്കാന്‍ വേണ്ടി തയാറാക്കിയ മരത്തിന്റെ പുറം ചട്ടയുമായി ഏതാനും പേര് എത്തുകയുമായിരുന്നു.കരിങ്കല്‍ പൊടിയും ഇറക്കിയിരുന്നു.
കമ്പിയും ചുറ്റും പെട്ടിയും ഉറപ്പിക്കുന്നതിനിടയില്‍ എത്തിയ മറ്റൊരു വിഭാഗം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കമ്പിയും മറ്റും എടുത്ത് മാറ്റുകയും അവിടെ പാര്‍ട്ടി കൊടി നാട്ടുകയും ചെയ്യുകയായിരുന്നു.
സംഭവം വിവാദമായതോടെ ഒരു വക്കീൽ സ്ഥലം തന്റെതാണെന്ന അവകാശവുമായി രംഗത്ത് വന്നു. ഒരു ക്ലബിന് കെട്ടിടവും ലൈബ്രറിയും സ്ഥാപിക്കാനാണ് ശ്രമം നടത്തിയതെന്നും പറഞ്ഞു.
അടുത്ത കാലം വരെ നാട്ടുകാര്‍ നീന്തല്‍ പരിശീലനത്തിനും വാഹനങ്ങള്‍ കഴുകുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന പള്ളത്തിന് നിലവില്‍ സ്വന്തമെന്ന് അവകാശപ്പെടാന്‍ അഞ്ച് സെന്റ് സ്ഥലം മാത്രമാണുള്ളത്. ബാക്കി സ്ഥലം മുഴുവന്‍ പരിസരവാസികള്‍ കൈയേറുകയായിരുന്നുവെന്ന് പറയുന്നു.
പള്ളം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തും നാട്ടുകരും ചേര്‍ന്ന് നവീകരണ പ്രവര്‍ത്തനം നടത്തിയിരുന്നു. പള്ളം കൈയേറ്റത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തും റവന്യു അധികൃതരും അറിയിച്ചു.