പത്തനംതിട്ട: ഭാര്യാമാതാവിനെ കൊലപ്പെടുത്തി തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച മരുമകനെ പരിക്കുകളോടെ കോന്നി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടൽ കൈലാസക്കുന്ന് കല്ലുവിള വീട്ടിൽ ജാനകിയ്ക്കാണ് മരുമകന്റെ കൈ കൊണ്ട് ദാരുണ അന്ത്യമുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.
ജാനകി ഭക്ഷണം കഴിക്കുന്നതിനിടെ മകളുടെ ഭർത്താവായ ഉത്തമൻ വഴക്കുണ്ടാക്കുകയും കേബിൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊല നടത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കഴുത്ത് മുറുകിയതോടെ ജാനകിയുടെ ചെവിയിലൂടെയും മറ്റും രക്തസ്രാവം ഉണ്ടായി തുടർന്ന് തൂങ്ങി മരിക്കാൻ ശ്രമിച്ച മരുമകൻ ഉത്തമനെ കോന്നി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ജാനകിയുടെ മകൾ പ്രസന്നയും ഉത്തമനുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ജാനകിയെ ഇഷ്ടമല്ലാത്തതിനാൽ ഉത്തമൻ നിരന്തരം നടത്തിവന്ന കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവം നടക്കുമ്പോൾ വീട്ടിൽ ഇവരെ കൂടാതെ മറ്റാരുമുണ്ടായിരുന്നില്ല. വീട്ടിലെത്തിയ ഭാര്യ പ്രസന്നയോട് ഇക്കാര്യം ഉത്തമൻ പറയുകയായിരുന്നു. ഇങ്ങനെയാണ് വിവരം പുറംലോകമറിഞ്ഞത്. കൂടൽ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.