ദുബായ്: ദുബായിൽ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽനിന്നും അദ്ഭുതകരമായി രക്ഷപെട്ട് മലയാളി യുവാവ്. നിധിൻ ലാൽജി എന്ന ഇരുപത്തിയൊൻപതുകാരനാണ് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ടത്. റാഷിദിയ മെട്രോസ്റ്റേഷനിൽ ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് താൻ ഉൾപ്പെട്ട ബസ് അപകടത്തിൽപ്പെട്ടതെന്ന് നിധിൻ പറഞ്ഞു.
ബസിന്റെ വലതുവശത്ത് മധ്യഭാഗത്തായാണ് ഇരുന്നത്. റാഷിദിയ മെട്രോസ്റ്റേഷനിൽ ഇറങ്ങാൻ തയാറെടുക്കുമ്പോൾ റോഡിലെ ഹൈറ്റ് ബാരിയറിൽ ബസ് ഇ ടിച്ചുകയറുകയായിരുന്നു. ഇതോടെ ബസിൽനിന്ന് കൂട്ടനിലവിളി ഉയർന്നു. എങ്ങും രക്തം ഒഴുകുന്നു. ബസിന്റെ ഇടതുവശത്ത് ഇരുന്നവർ സംഭവസ്ഥലത്തുതന്നെ മരിച്ചു-നിധിൻ പറഞ്ഞു.
അപകടത്തിൽനിന്ന് നിധിന്റെ മുഖത്ത് പരിക്കേറ്റു. നിസാര പരിക്ക് മാത്രമാണിത്. എന്നാൽ നിധിന്റെ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം അപകടത്തെ തുടർന്ന് നഷ്ടപ്പെട്ടു. ഒമാനിൽ അവധി ആഘോഷത്തിനു ശേഷം ദുബായിലേക്ക് തിരിച്ചുവരികയായിരുന്നു നിധിൻ.
അപകടത്തിൽ എട്ട് മലയാളികളും മരിച്ചിരുന്നു. വ്യാഴാഴ്ച വൈകുന്നേരം യുഎഇ സമയം 5.40ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാഷിദിയ മെട്രോ സ്റ്റേഷനു സമീപമായിരുന്നു അപകടം. മരിച്ചവരിൽ 12 പേർ ഇന്ത്യക്കാരാണ്. ഒമാനിലെ മസ്കറ്റിൽനിന്നു ദുബായിലേക്കു വന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ബസുകൾക്കും വലിയ വാഹനങ്ങൾക്കും പ്രവേശനമില്ലാത്ത റോഡിൽ ഹൈറ്റ് ബാരിയറിൽ ഇടിച്ചായിരുന്നു അപകടം. രണ്ടു പാക് സ്വദേശികളും അയർലൻഡ്, ഒമാൻ സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ബസിന്റെ ഇടതുവശത്തുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചവരിലേറെയും. 31 പേരാണു ബസിലുണ്ടായിരുന്നത്.