തിരുവനന്തപുരം: ഓപ്പറേഷൻ ഒളിന്പ്യ പദ്ധതിയിൽ അഴിച്ചു പണിനടത്താൻ സ്പോർട്സ് കൗണ്‍സിൽ തീരുമാനം. പ്രസിഡന്റ് ഒളിന്പ്യൻ മേഴ്സികുട്ടന്റെ അധ്യക്ഷതയിൽ ചേർന്ന പുതിയ ഭരണസമിതിയുടെ പ്രഥമ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഓപ്പറേഷൻ ഒളിന്പ്യ അഞ്ചിനങ്ങളിലേക്കായി ചുരുക്കാനാണ് തീരുമാനം. 11 ഇനങ്ങളാണ് ഓപ്പറേഷൻ ഒളിന്പ്യയിൽ ഉൾപ്പെടുത്തിയിരുന്നത്. എട്ടു ഇനങ്ങളാണ് നിലവിലുള്ളത്. ബഡ്മിന്റണ് നിലനിർത്തും.
ഏഷ്യൻ തലത്തിൽ മെഡൽ നേട്ടം കൊയ്യാൻ കഴിയുന്ന ഇനങ്ങൾ മാത്രം ഓപ്പറേഷൻ ഒളിന്പ്യയുടെ ഭാഗമാക്കാനാണ് തീരുമാനം. കായികക്ഷമതാ മിഷൻ ഈ അധ്യയന വർഷം തന്നെ നടപ്പാക്കാനും കൗണ്‍സിൽ യോഗത്തിൽ ധാരണയായി. കായിക വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. കായികതാരങ്ങളുടെ ഇൻഷ്വറൻസ് പദ്ധതിയും ഈ വർഷം തന്നെ നടപ്പാക്കും.
സ്പോർട്സ് കൗണ്‍സിൽ ഉപാധ്യക്ഷൻ ഒ.കെ. വിനീഷ്, അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങളായ ഐ.എം. വിജയൻ, സുനിൽകുമാർ, എം.ആർ രഞ്ജിത്, എസ്. രാജീവ്, ജോർജ് തോമസ്, കെ.എം. ബീനാമോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തോമസ് വർഗീസ്