മാന്നാർ: ആറ്റിൽ മുങ്ങിയ കാർ പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. ഒടുവിൽ വാഹനത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്് നടത്തിയ രക്ഷാപ്രപർത്തനം കാണാൻ നിന്നവരുടെ കൂട്ടത്തിൽ വാഹനത്തിലുണ്ടായിരുന്നവരെ കണ്ട് ജനങ്ങൾ അന്പരന്നു.
മാന്നാർ കുട്ടംപേരൂരിലാണ് സിനിമാസ്റ്റൈലിൽ സംഭവം നടന്നത്. കുട്ടംപേരൂർ ആറിൽ ഒരു കാർ മുങ്ങി കിടക്കുന്നത് കണ്ടാണ് നാട് ഉണർന്നത്. ഒരു ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് നാലു പേർ രാത്രി വൈകുവോളം എണ്ണയ്ക്കാട് ഭാഗത്ത് അപകടത്തിൽപെട്ട കാറിൽ കറങ്ങി നടന്നത് പലരും കണ്ടിരുന്നു. ഈ കാർ പുഴയിൽ മുങ്ങി കിടക്കുന്നത് കണ്ട ജനം ഭയന്നു.
കാറിനൊപ്പം നാല് പേർ ആറ്റിൽ മുങ്ങിയതായി നാടു മുഴുവൻ വാർത്ത പരന്നു. അറിഞ്ഞവർ അറിഞ്ഞവർ ആറിന്റെ തീരത്തേക്ക് എത്തി. ചിലർ വെള്ളത്തിലേക്ക് എടുത്ത് ചാടി രക്ഷാപ്രവർത്തനം ആരംഭിച്ചു. പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. പോലീസും ഫയർഫോഴ്സും എത്തി നാട്ടുകാരുടെ സഹായത്തോടെ കാർ കരയ്ക്കെത്തിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
ക്രയിൻ ഉപയോഗിച്ച് കാർ പൊക്കി തുടങ്ങിയപ്പോഴാണ് നാട്ടുകാരിൽ ഒരാൾ ആ കാഴ്ച കണ്ടത്. കാറിൽ കുടുങ്ങി കിടക്കുന്നതെന്ന് നാട്ടുകാർ കരുതിയവർ കരയിൽ കാഴ്ചക്കാരോടൊപ്പം. കലിപ്പിലായ നാട്ടുകാരും പോലീസും ഫയർഫോഴ്സും അതുവരെ ചെലവായ മുഴുവൻ തുകയും ഇവരിൽ നിന്ന് ഈടാക്കി താക്കീത് ചെയ്യുകയായിരുന്നു. എല്ലാവരും പിരിഞ്ഞപ്പോൾ നടന്ന കാര്യങ്ങൾ നാട്ടുകാർക്കു മുന്പിൽ അവർ അവതരിപ്പിച്ചു.
രാത്രിയിൽ ഗൃഹപ്രവേശനത്തിന്റെ ആഘോഷം കഴിഞ്ഞ് ആറിന്റെ കരയിൽ നിന്നും കാർ മുന്നോട്ട് എടുക്കുവാൻ ശ്രമിച്ചപ്പോൾ പോയത് പിന്നോട്ട്. നാലുപേരും കാറിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ക്രയിൻ വിളിച്ച് കൊണ്ടു വന്ന് കാർ രാവിലെ കരയ്ക്കെത്തിക്കാം എന്നു വിചാരിച്ച് തിരിച്ചു പോയി. എന്നാൽ ഉണരാൻ അല്പം താമസിച്ചത് വിനയായി. കാർ കരയ്ക്കെത്തിക്കുവാൻ എത്തിയപ്പോഴേക്കും ആറ്റിൻകരയിൽ വലിയ ആൾക്കൂട്ടവും പോലീസും ഫയർഫോഴ്സും.
പിന്നെ ഒട്ടും താമസിച്ചില്ല; എല്ലാം കണ്ട് അങ്ങു നിന്നു. അവസാനം നാട്ടുകാരുടെ കണ്ണിൽ പെട്ടപ്പോൾ പണം നൽകി എല്ലാം സെറ്റിൽ ചെയ്യേണ്ടി വരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല നാലുപേരും. പുലിവാൽ കല്യാണം എന്ന സിനിമയിൽ ഇതേ രീതിയിൽ സലിംകുമാർ അവതരിപ്പിച്ച കഥാപാത്രം പോലീസിനും ഫയർഫോഴ്സിനും നാട്ടുകാർക്കും നന്ദി പറയുന്ന രസകരമായ രംഗമാണ് നാട്ടുകാരുടെ മനസിലേക്ക് ഓടി എത്തിയത്.