വൈപ്പിൻ: കേരളതീരത്ത് നാളെ അർധരാത്രിമുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം. കഴിഞ്ഞ വർഷം 47 ദിവസത്തേക്കായിരുന്നു നിരോധനമെങ്കിൽ ഇത്തവണ അഞ്ചുദിവസം കൂട്ടിയിരിക്കുകയാണ്. തീരത്തെത്തിയ ബോട്ടുകൾ ഇനി ജൂലൈ 31 നു അർധരാത്രിക്ക് ശേഷമെ കടലിലേക്ക് പോകു. മുനന്പം, മുരുക്കുംപാടം മേഖലയിലെ 80 ശതമാനം മത്സ്യബന്ധന ബോട്ടുകളും ഇന്നലെയും ഇന്നുമായി തീരമണഞ്ഞു. ശേഷിക്കുന്നവ ഇന്നു രാത്രിയിലും നാളെ വൈകുന്നേരത്തോടെയും തിരിച്ചെത്തും.
ഇക്കുറി വേനൽ മഴ കുറഞ്ഞതുമൂലം സീസണിന്റെ അവസാന നാളുകളിൽ പതിവു പോലെയുള്ള ചാകരക്കോള് ഉണ്ടായില്ല. ഇത് മത്സ്യബന്ധന വ്യാവസായത്തിനു കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നാണ് ബോട്ടുടമകളും തൊഴിലാളികളും പറയുന്നത്. മത്സ്യലഭ്യത കുറഞ്ഞതിനാൽ ട്രോളിംഗ് നിരോധനത്തിനു ആഴ്ചകൾക്ക് മുന്പേ തന്നേ പല ബോട്ടുകളും മത്സ്യബന്ധനം അവസാനിപ്പിച്ചിരുന്നു.
സാധാരണ മേയ് പകുതിയോടെ വേനൽ മഴപെയ്യുന്പോൾ ബോട്ടുകൾക്ക് ധാരാളം കണവ, കരിക്കാടി, പൂവാലൻ ചെമ്മീൻ തുടങ്ങിയവ ലഭിക്കാറുണ്ട്. എന്നാൽ കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ ഇക്കുറി ബോട്ടുകൾക്ക് കാര്യമായി മീൻ ലഭിച്ചില്ല. അതേ സമയം ഭക്ഷ്യയോഗ്യമല്ലെങ്കിലും വളത്തിനായി ഉപയോഗിക്കുന്ന ക്ലാത്തി എന്ന മത്സ്യത്തിന്റെ സാന്നിധ്യമാണ് ബോട്ടുകളെ ഈ സീസണിൽ അൽപ്പമെങ്കിലും പിടിച്ചു നിർത്തിയത്.