ഇരിങ്ങാലക്കുട: നഗരസഭാ 22-ാം വാർഡിൽ ചെട്ടിപറന്പ് വണ്‍വേ റോഡിനോടു ചേർന്ന് കടന്നുപോകുന്ന രാമൻചിറ തോട് വീണ്ടും കൈയേറുന്നു. അനധികൃത നിർമാണപ്രവൃത്തികൾ തകൃതിയായി നടക്കുന്പോഴും അധികൃതർ ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല. മഴവെള്ളം ഒഴുകിപോകാൻ ഠാണവിൽനിന്നും ആരംഭിച്ച് ഷണ്മുഖം കനാലിൽ ചെന്നുചേരുന്ന ഈ പൊതുകാനയുടെ മുകളിലാണു ഇപ്പോൾ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്.
ടൗണ്‍ഹാൾ, ഫിഷ്മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലം ഈ തോട്ടിലൂടെയാണ് ഒഴുകുന്നത്. ഇപ്പോഴത്തെ നിർമാണം തോട്ടിലെ നീരൊഴുക്കിന് തടസമാകുമെന്നും തോടിന്റെ വീതിയെയും ഉയരത്തെയും ബാധിക്കുന്ന തരത്തിലാണെന്ന് ഇതു സംബന്ധിച്ച് നഗരസഭ സെക്രട്ടറിയ്ക്കു നൽകിയ പരാതിയിൽ പറയുന്നു.
മൂന്നുമാസം മുന്‍പ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഉടൻ തന്നെ ബിജെപി പ്രവർത്തകർ നിർമാണം തടഞ്ഞിരുന്നു. പിന്നീട് നിർമാണ പ്രവർത്തനങ്ങൾക്ക് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ നിർത്തി വച്ചിരുന്ന നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പൊതുകാന കയേറി സ്ലാബിടുന്നതിനു വേണ്ടി നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതെന്ന ആരോപണം ഉണ്ട്.
കാനയിൽ നിന്നുയരുന്ന ദുർഗന്ധം ചൂണ്ടിക്കാട്ടി സ്വകാര്യവ്യക്തി നൽകിയ അപേക്ഷ പരിഗണിച്ചാണ് കൗണ്‍സിൽ തോടിനു മുകളിൽ സ്ലാബിടാൻ അനുമതി നൽകിയത്. കാനയിലൂടെയുള്ള വെള്ളത്തിന്റെ നീരൊഴുക്ക് തടസപ്പെടാത്താതെ, നഗരസഭാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകണം നിർമാണമെന്ന് നഗരസഭയുടെ നിർദേശം കാറ്റിൽപ്പറത്തിയാണ് നിർമാണം പുരോഗമിക്കുന്നത്.
സ്വാധീനങ്ങൾക്ക് വഴങ്ങി നഗരസഭാ ഉദ്യോഗസ്ഥർ ഇത്തരം കൈയേറ്റങ്ങൾ കണ്ടില്ലെന്നു നടക്കുകയാണെന്ന ആരോപണമുണ്ട്.തോട്ടിലെ അനധികൃത നിർമാണം നിർത്തിവച്ച് തോടിനെ പൂർവസ്ഥിതിയിലാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.