പുനലൂർ: സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ വിവിധ കശുവണ്ടി ഫാക്ടറികളിൽ പുതുതായി 3000 തൊഴിലാളികൾക്ക് കൂടി തൊഴിൽ ലഭ്യമാക്കുമെന്ന് ചെയർമാൻ എസ് ജയമോഹൻ പത്രസമ്മേളനത്തിൽ പറഞ്ഞു. കശുവണ്ടി വികസന കോർപ്പറേഷനിലെ തൊഴിലാളികളുടെ എണ്ണം പതിനയ്യായിരം ആകുംവിധം മികച്ച തൊഴിലിടമാക്കി മാറ്റാൻ കോർപ്പറേഷൻ ഫാക്ടറികൾ എല്ലാം ഹൈടെക്ക് ആക്കുകയാണ്. കോർപ്പറേഷൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 30 കശുവണ്ടി ഫാക്ടറികൾ ഇപ്പോൾ ഹൈടെക് ആക്കി മാറ്റുന്നുണ്ട്.
ഇതിൽ ഉൾപ്പെട്ട ഇടമുളയ്ക്കൽ കാഷ്യു ഫാക്ടറി നവീകരിച്ചതിന്റെ ഉദ്ഘാടനം എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നിർവഹിക്കും. മന്ത്രി കെ രാജു അധ്യക്ഷനാകും. സുവർണ ജൂബിലി സ്കോളർഷിപ്, കാഷ് അവാർഡുകൾ, പഠനസഹായം, മികവ് അവാർഡ് എന്നിവയും ചടങ്ങിൽ വിതരണം ചെയ്യും. തൊഴിലിടങ്ങൾ, പ്രവേശനകവാടം, ചുറ്റുമതിൽ, വിശ്രമമുറി, കുട്ടികളെ പരിപാലിക്കാനുള്ള കെട്ടിടം, ശൗചാലയങ്ങൾ എന്നിവയെല്ലാം ഹൈടെക് രീതിയിൽ ആക്കി മാറ്റിയിട്ടുണ്ട്.
കോർപ്പറേഷൻ 30 ഫാക്ടറികളും ഒരേ രീതിയിൽ പെയിൻറിങ്ങ് നടത്തി മനോഹരമാക്കിയിട്ടുണ്ട്. ഫാക്ടറികൾ നവീകരിച്ചതിന്റെ ഭാഗമായി കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളിലായി പ്രവർത്തിക്കുന്ന 30 ഫാക്ടറികളിൽ ഇപ്പോൾ 12000 തൊഴിലാളികളോടൊപ്പം 20 നകം 3000 തൊഴിലാളികളെ കൂടി പുതുതായി ഫാക്ടറിയിൽ നിയമിക്കും.
കട്ടിങ്ങിൽ പരിശീലനം നേടിയ ഷെല്ലിങ് തൊഴിലാളികൾക്ക് മുൻഗണന നൽകും. അടച്ചിട്ട ഫാക്ടറികളിലെ തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നിയമനത്തിൽ നൽകും. എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി എൻജിനീയറിങ് ഉന്നത വിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡുകൾ നൽകും. എം ബി ബി എസിന് കാഷ്യു കോർപ്പറേഷൻ നിയമ പോരാട്ടം നടത്തി 13 കുട്ടികൾക്കാണ് അഡ്മിഷൻ നേടിയെടുത്തത്.
അതിൽ കോർപ്പറേഷൻ തൊഴിലാളികളുടെ മക്കൾക്ക് 25,000 രൂപ വീതം നൽകുന്നുണ്ട്. എസ്എസ്എൽസി പ്ലസ് ടു ഉന്നതവിജയികൾക്ക് 5000 രൂപയും നൽകും.നല്ല നിലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും, ഉൽപ്പാദനത്തിൽ ഒന്നാമതും രണ്ടാമതും വരുന്ന ഫാക്ടറികൾക്കും ട്രോഫി നൽകും. വിവിധ മത്സരങ്ങളിൽ പങ്കെടുത്തു രാജ്യത്തിനകത്തും പുറത്തും മെഡൽ നേടിയ തൊഴിലാളികൾക്കും പ്രത്യേക ഉപഹാരം നൽകുമെന്നും എസ് ജയമോഹൻ പറഞ്ഞു.
അത്യുൽപ്പാദനശേഷിയുള്ള കശുമാവ് തൈ ഉല്പാദിപ്പിക്കുന്ന ഒരു നഴ്സറി കൂടി ഇടമുളയ്ക്കലിൽ ആരംഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കശുമാവ് നഴ്സറി കൊട്ടിയത്ത് പ്രവർത്തിക്കുന്നുണ്ട്. ഒരു വർഷം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന തരത്തിലുള്ള അത്യുല്പാദനശേഷിയുള്ള തൈകളാണ് ഇവിടെ തയാറാക്കുന്നത്. കോർപറേഷൻ 2019 ൽ 200 ദിവസം മുടങ്ങാതെ ജോലി നൽകും. 2019 നഷ്ടമില്ലാത്ത നിലയിലാകും പ്രവർത്തിക്കുക.
2020 ൽകോർപ്പറേഷൻ ചരിത്രം തിരുത്തിക്കുറിച്ച് ലാഭത്തിലാകമെന്നും എസ് ജയമോഹൻ പറഞ്ഞു. കാഷ്യു ബോർഡുമായി സഹകരിച്ച് കശുമാവ് ഓണക്കാലം വരെ കശുവണ്ടി തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ വേണ്ടത്ര തോട്ടണ്ടി സംഭരിച്ചിട്ടുണ്ട്. ഇതുവരെ 5000 മെട്രിക് ടൺ തോട്ടണ്ടി സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എസ് ജയമോഹൻ പറഞ്ഞു.