നിലന്പൂർ: തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ കോണ്ഗ്രസ് ദേശീയാധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലം എം.പി.യുമായ രാഹുൽ ഗാന്ധിയുടെ നിലന്പൂർ യാത്ര ദേശീയ സുരക്ഷാ ഗാർഡ്സ്(എൻഎസ്ജി) വിലക്കിയിരുന്നതായി സൂചന. എന്നാൽ രാഹുലിന്റെ നിർബന്ധ ബുദ്ധിക്കൊടുവിൽ എൻഎസ്ജി വഴങ്ങുകയായിരുന്നു.
കാളികാവിലും നിലന്പൂരിലും മാവോയിസ്റ്റുകളുടെ ഭീഷണി നിലനിൽക്കുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥരെ രാഹുലിന്റെ നിലന്പൂർ യാത്ര വിലക്കാൻ കാരണമാക്കിയത്. മാത്രമല്ല കാളികാവിൽ നിന്ന് നിലന്പൂരിലേക്കുള്ള റോഡ് വീതി കുറഞ്ഞതാണെന്നും ഇതിലൂടെയുള്ള യാത്ര സുരക്ഷിതമല്ലെന്നുമായിരുന്നു സുരക്ഷാ സേനയുടെ വിലയിരുത്തൽ. കാളികാവിലെ പരിപാടി കഴിഞ്ഞ് സുരക്ഷാ സേന വണ്ടൂർ വഴി രാഹുലിനെ അരീക്കോട് ഭാഗത്തേക്ക് കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ, രാഹുൽ ഗാന്ധി തനിക്ക് എൻഎസ്ജി പറയുന്നത് മാത്രം കേൾക്കാനാകില്ലെന്നും തന്റെ പാർട്ടിയുടെ താത്പര്യം സംരക്ഷിക്കണമെന്നും നേതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും എല്ലാത്തിലുമുപരി തന്റെ വോട്ടർമാരെ നേരിൽ കാണണമെന്നും പറയുകയായിരുന്നു.