കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അർബുദ രോഗമുണ്ടെന്ന പേരിൽ വീട്ടമ്മയ്ക്ക് കീമോ തെറാപ്പി ചികിത്സ നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാർക്കും രണ്ടു ലാബുകൾക്കുമെതിരേയാണ് വീട്ടമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.
ആറ് മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. മാവേലിക്കര പാലമേൽ ചിറയ്ക്കൽ കിഴക്കേക്കര രജനി (38)യാണ് അർബുദ രോഗമുണ്ടെന്ന പേരിൽ കീമോതെറാപ്പി ചികിത്സയ്ക്ക് ഇരയായത്. സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യുവതിക്ക് കീമോ നല്കിയത്.
എന്നാൽ, പിന്നീട് മെഡിക്കൽ കോളജ് പതോളജി ലാബിൽനിന്നു കിട്ടിയ റിപ്പോർട്ടിൽ ഇവർക്ക് അർബുദമില്ലെന്നു കണ്ടെത്തി കാൻസർ ചികിത്സ നിർത്തിവച്ചു. തുടർന്ന് ജനറൽ സർജറി വിഭാഗം മാറിടത്തിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു, ശസ്ത്രക്രിയ നടത്തിയപ്പോൾ എടുത്ത സാന്പിൾ പരിശോധിച്ചാണ് രജനിക്ക് അർബുദമില്ലെന്ന് അന്തിമമായി സ്ഥിരീകരിച്ചത്.