ചെറുതോണി: ഓണ്‍ലൈൻ ഷോപ്പിംഗിലൂടെ 24000 രൂപയുടെ മൊബൈൽ ഫോണ്‍ ബുക്ക് ചെയ്ത് വരുത്തിയപ്പോൾ ലഭിച്ചത് ഗ്രാനൈറ്റ് കല്ലുകൾ. ചെറുതോണി ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ പേപ്പാറ സ്വദേശി പൊന്നേത്ത് അജിത്താണ് ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായത്.
ഈമാസം നാലിനാണ് ഒരു ഓണ്‍ലൈൻ ഷോപ്പിംഗിൽ 24000 രൂപയുടെ മൊബൈൽഫോണ്‍ ബുക്ക് ചെയ്തത്. ബുക്കിംഗ് പ്രകാരമുള്ള പാക്കറ്റ് ഇന്നലെ ഉച്ചകഴിഞ്ഞ് കൊറിയർ സർവീസ് വഴി അജിത്തിന് ലഭിച്ചു. പാക്കറ്റ് പൊട്ടിച്ചുനോക്കിയപ്പോൾ മൊബൈൽ ഫോണിനു പകരം ഗ്രാനൈറ്റിന്റെ മൂന്നു കഷണങ്ങൾ മാത്രമാണുണ്ടായിരുന്നത്.
തട്ടിപ്പ് മനസിലാക്കിയ അജിത്ത് കൊറിയർ സർവീസിൽ ബന്ധപ്പെട്ടപ്പോൾ അവർ ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ തയാറാകാതെ കൈയൊഴിഞ്ഞു.മുൻപ് പല സാധനങ്ങളും അജിത്ത് ഓണ്‍ലൈൻ വഴി ബുക്കുചെയ്ത് വാങ്ങിയിരുന്നു.
തുച്ഛമായ വേതനത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന അജിത്ത് സ്മാർട്ട് ഫോണ്‍ വാങ്ങുന്നതിന് മാസങ്ങളായി സ്വരൂപിച്ചു നൽകിയ പണമാണ് തട്ടിപ്പിലൂടെ നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി പോലീസിൽ പരാതി നൽകി. നാളുകൾക്കുമുന്പ് ഓണ്‍ലൈൻ ബുക്ക് ചെയ്ത് വാങ്ങുന്ന സാധനങ്ങൾ തട്ടിയെടുക്കുന്ന സംഘത്തെ ഇടുക്കി പോലീസ് അറസ്റ്റുചെയ്തിരുന്നു.