അടിമാലി: അവധിക്കാലമാസ്വദിക്കാൻ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ആനക്കുളം മാറുന്നു. ഇവിടെ വെള്ളം കുടിക്കാനെത്തുന്ന ആനക്കൂട്ടമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
വനത്തിനുള്ളിൽ നിന്നും നിത്യവും ദാഹജലം തേടി പുറം ലോകത്തെത്തുന്ന ഗജവീരൻമാർ ആനക്കുളത്തിന്റെ വിനോദസഞ്ചാര മേഖലയെ സജീവമാക്കി നിർത്തുന്നു. കാടിനെയും നാടിനെയും വേർതിരിക്കുന്ന ഈറ്റച്ചോലയാറിൽനിന്നു തുന്പിക്കൈയിൽ കരിവീരന്മാർ വെള്ളം കോരി കുടിക്കുന്പോൾ കുളിർക്കുന്നത് സഞ്ചാരികളുടെ മനസ് കൂടിയാണ്.
മൂന്നാറിന്റെ കണ്ടുമടുത്ത കാഴ്ചകൾക്ക് വേറിട്ടൊരിടം തേടിയാണ് സഞ്ചാരികൾ കൂടുതലായി ആനക്കുളത്തേക്ക് എത്താറുള്ളത്. ആനക്കുളത്തിനൊപ്പം വനത്തിനുള്ളിലൂടെയുള്ള സാഹസിക സഞ്ചാരവും കടുത്തവേനലിൽ പോലും ജലസമൃദ്ധമായി താഴേക്ക് പതിക്കുന്ന ജലപാതങ്ങളും ഘോരവനം തീർക്കുന്ന നിശബ്ദതയും സഞ്ചാരികളെ മത്തുപിടിപ്പിക്കും.
പതിവുതെറ്റിക്കാതെ ഇത്തവണയും മധ്യവേനലവധി ആസ്വദിക്കാൻ സഞ്ചാരികൾ ധാരാളമായി ആനക്കുളത്തേക്കെത്തുന്നുണ്ട്. വിനോദ സഞ്ചാര ഭൂപടത്തിൽ ആനക്കുളം മെല്ലെ മെല്ലെ ഇടം പിടിക്കുന്പോൾ പ്രദേശവാസികൾക്കും ചിലത് പറയാനുണ്ട്. വിദേശിയരും സ്വദേശിയരും എത്തുന്ന ഇടമായിരുന്നിട്ടും സഞ്ചാരികൾക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ കൃത്യമായ സംവിധാനമില്ലാത്തതാണ് ആദ്യ പരാതി.
ആന വരാത്ത ദിവസങ്ങളിൽ ആനക്കുളത്തെത്തുന്ന സഞ്ചാരികൾക്ക് പാർക്കുൾപ്പെടെയുള്ള മറ്റെന്തെങ്കിലും വിനോദ സൗകര്യമൊരുക്കണമെന്നാണ് മറ്റൊരാവശ്യം. ആനക്കുളത്തിന്റെ വികസനത്തിനായി വനംവകുപ്പ് ചില പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവ ലക്ഷ്യപ്രാപ്തി കൈവരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
പ്രകൃതിയൊരുക്കുന്ന സ്വാഭാവിക ഭംഗിക്കൊപ്പം പ്രകൃതിയുമായി ഇഴചേർന്ന് നിൽക്കുന്ന അടിസ്ഥാന സൗകര്യങ്ങൾകൂടി ഒരുക്കിയാൽ മൂന്നാറിന്റെ കുളിരാസ്വദിച്ച് മടങ്ങുന്ന എല്ലാ വിനോദസഞ്ചാരികൾക്കും ആനക്കുളത്തിന്റെ കൂടി ഭംഗിയാസ്വദിക്കാം.