കൽപ്പറ്റ: വോട്ടർമാർക്കു നന്ദി പറയാൻ രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയ ഇന്നലെ കൽപ്പറ്റ നഗരത്തിൽ ജനശ്രദ്ധയാകർഷിച്ച് തമിഴ്നാട്ടുകാരൻ ഷണ്മുഖ ഗാന്ധി. രാഷ്ടപിതാവിനെപോലെ വസ്തം ധരിച്ചും കണ്ണടയും വാച്ചുമണിഞ്ഞും വടിയേന്തിയും നിരത്തിലിറങ്ങിയ ഷണ്മുഖ ഗാന്ധിയുടെ ചുറ്റും നിരവധിയാളുകൾ കൂടി.
ഈറോഡ് മാണിക്യം പാളയം സ്വദേശിയാണ് 85 കാരനായ ഷണ്മുഖ ഗാന്ധി. ഗാന്ധിജിയുടെയും അഹിംസാ സിദ്ധാന്തത്തിന്റെയും കടുത്ത ആരാധകനാണ് ഇദ്ദേഹം. രാഹുൽ ഗാന്ധിയെ നേരിൽ കാണണമെന്ന ആഗ്രഹത്തോടെ വെള്ളിയാഴ്ചയാണ് കൽപ്പറ്റയിൽ എത്തിയത്.
ആഗ്രഹം അറിയിച്ചപ്പോൾ കോണ്ഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ കാണാനും സംസാരിക്കാനും അവസരം ഒരുക്കി. നഗരത്തിലെ ലോഡ്ജിൽ രാത്രി തങ്ങിയ ഷണ്മുഖ ഗാന്ധി ഇന്നലെ രാവിലെ സിവിൽ സ്റ്റേഷൻ പരിസരത്തു രാഹുൽ ഗാന്ധിയെ നേരിൽക്കണ്ട് സംസാരിച്ചു. രാഹുൽ ഗാന്ധിയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.
2024ലെ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് അധികാരത്തിൽ തിരിച്ചെത്തുന്നതിനും പ്രധാനമന്ത്രിയാകുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ഗാന്ധിയൻ ചിന്തകൾ അടിസ്ഥാനമാക്കി മുഴുകണമെന്നു രാഹുൽ ഗാന്ധിയെ ഉപദേശിച്ചു. ഒറ്റനോട്ടത്തിൽ ഗാന്ധിജിയെപോലെയാണ് ഷണ്മുഖ ഗാന്ധി. ഗാന്ധിജിയുമായുള്ള രൂപസാദൃശ്യം ദൈവസിദ്ധമാണെന്നു ഇദ്ദേഹം പറയുന്നു.
22 വർഷമായി ഗാന്ധിയൻ ശൈലിയിലാണ് ഷണ്മുഖ ഗാന്ധിയുടെ ജീവിതം. ഒന്പതാം ക്ലാസ് വരെ പഠിച്ച ഇദ്ദേഹം അഹിംസാ സിദ്ധാന്തത്തിന്റെ പ്രചാരണത്തിനു തമിഴ്നാടിനു പുറത്തും സഞ്ചരിക്കാറുണ്ട്. ഭാര്യ ശകുന്തളയും അംബികാപതി, ഭുവനേശ്വരി എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
വയസ് 80 കഴിഞ്ഞിട്ടും വാർധക്യം തളർത്തിയിട്ടില്ലാത്ത ഷണ്മുഖ ഗാന്ധി മാണിക്യപാളയത്തിനു സമീപത്തെ കോളജ് ഹോസ്റ്റലിൽ ജോലി ചെയ്താണ് ഉപജീവനത്തിനും യാത്രകൾക്കുമുള്ള പണം കണ്ടെത്തുന്നത്. രാഹുൽ ഗാന്ധി ക്ഷണിച്ചതനുസരിച്ച് അടുത്ത മാസം ഡൽഹി യാത്ര നടത്താനുള്ള തീരുമാനത്തിലാണ്. ഇന്നു രാവിലെ സ്വദേശത്തേക്കു മടങ്ങും.