ആർ. ജയകുമാർ
ഗുരുവായൂർ: ക്ഷേത്രദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനത്തിനുശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിൽ ദേവസ്വം ഭരണസമിതിയുമായി പത്തുമിനിറ്റ് ചർച്ച നടത്തി. 450 കോടിയുടെ പദ്ധതികൾ ആവശ്യപ്പെട്ടുള്ള നിവേദനം ഗുരുവായൂർ ദേവസ്വം പ്രധാനമന്ത്രിക്കു സമർപ്പിച്ചു. പദ്ധതികൾ പ്രധാനമന്ത്രി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി.
പശു സംരക്ഷണത്തിന് 300 കോടിയുടെ പദ്ധതിയും, ഗുരുവായൂർ ക്ഷേത്രനഗരത്തെ പൈതൃക നഗരമാക്കുന്നതിനു 100 കോടിയുടെ പൈതൃക പദ്ധതിയും, ആനക്കോട്ട വികസനത്തിന് 50 കോടിയുടെ പദ്ധതിയുമാണ് സമർപ്പിച്ചത്.
ഗുരുവായൂരിന്റെ മാഹാത്മ്യം വിളിച്ചോതുന്ന തരത്തിൽ മഹാവിഷ്ണുവിന്റെ വലിയ പ്രതിമ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് പൈതൃകം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ദേവസ്വത്തിന്റെ കാവീട് ഗോകുലത്തിലും വേങ്ങാട് ഗോകുലത്തിലുമുള്ള പശുക്കളെ സംരക്ഷിക്കുന്നതിനോടൊപ്പം കൂടുതൽ പശുക്കളെ സംരക്ഷിക്കുന്നതിനാണ് പശുസംരക്ഷണ പദ്ധതി. അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നു ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ എന്നിവർ പറഞ്ഞു. ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രിക്കു ദേവസ്വത്തിന്റെ ഉപഹാരമായി ശ്രീകൃഷ്ണൻ പാഞ്ചജന്യം മുഴക്കുന്ന ദാരുശില്പവും ചുമർചിത്രങ്ങളും സമ്മാനിച്ചു.
രാവിലെ ഹെലിപ്പാഡിൽനിന്നു ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രിയെ കെ.വി.അബ്ദുൾ ഖാദർ എംഎൽഎ, നഗരസഭ ചെയർമാൻ വി.എസ്.രേവതി, ദേവസ്വം കമ്മീഷണർ പി.വേണുഗോപാൽ, ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് എന്നിവർ ചേർന്നു സ്വീകരിച്ചു. ഹെലിപ്പാഡിൽ ജില്ലാ കളക്ടർ ടി.വി.അനുപമ, സിറ്റി പേലീസ് കമ്മീഷണർ യതീഷ് ചന്ദ്ര എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.
ഒ. രാജഗോപാലിനെ എസ്പിജി തടഞ്ഞു
ഗുരുവായൂർ: പ്രധാനമന്ത്രി ക്ഷേത്രദർശനം നടത്തുന്നതിനൊപ്പം ക്ഷേത്രത്തിലേക്കു പ്രവേശിക്കാൻ എത്തിയ ഒ.രാജഗോപാൽ എംഎൽഎ അടക്കമുള്ള ബിജെപി നേതക്കൾക്കു എസ്പിജിക്കാർ ക്ഷേത്രത്തിലേക്കു പ്രവേശനം അനുവദിച്ചില്ല.
ഒ.രാജഗോപാലിനു പുറമെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, എച്ച്.രാജ, പി.കെ.കൃഷ്ണദാസ്, എം.ഗണേഷ്, സി.കെ.പദ്മനാഭൻ, ബി.ഗോപാലകൃഷ്ണൻ എന്നിവരാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തുന്നതിന് ഏതാനും മിനിറ്റുമുന്പ് ക്ഷേത്രത്തിനു മുന്നിലെത്തിയത്.
മുണ്ട ും ഷാളുമണിഞ്ഞ് പ്രധാനമന്ത്രിക്കൊപ്പം ദർശനം നടത്തുന്നതിനാണ് നേതാക്കൾ എത്തിയത്. എന്നാൽ നേരത്തേ നിശ്ചയിച്ച വരെ മാത്രമെ ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കൂ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതോടെ നേതാക്കൾ പുറത്തുനിന്നു.പ്രധാനമന്ത്രി എത്തി നേതാക്കളോടു സൗഹൃദ സംഭാഷണം നടത്തിയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. ഇതോടെ നേതാക്കൾ സമ്മേളന വേദിയിലേക്കു പോയി.