വടക്കഞ്ചേരി: കർഷകരുടെ വിള നശിപ്പിക്കുന്ന ആന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളെ തുരത്താൻ കണിച്ചിപരുതക്കടുത്ത് കന്നി മേരി എസ്റ്റേറ്റിലെ വാഴത്തോട്ടത്തിൽ സ്ഥാപിച്ച സോളാർ സാങ്കേതികവിദ്യാ പരീക്ഷണത്തിൽ പന്നിക്കൂട്ടം പേടിച്ചോടി.
അർധരാത്രിയോടെയാണ് തോട്ടത്തിലേക്ക് പന്നിക്കൂട്ടം എത്തിയത്. കാട്ടുപന്നികൾ സോളാറിൽ പ്രവർത്തിക്കുന്ന ആനിമൽ റിപ്പല്ലന്റ് എന്ന സാങ്കേതികവിദ്യയ്ക്കു സമീപം എത്തിയതോടെ വലിയ ശബ്ദം ഉണ്ടാകുകയും ഇതുകേട്ട് പേടിച്ച പന്നികൾ പല വഴിക്ക് ചിതറിയോടിയതായി വാഴകൃഷി നടത്തുന്ന രജനീഷ് പറഞ്ഞു.
വെളളിയാഴ്ച രാത്രി മേഖലയിൽ നല്ല മഴയായിരുന്നതിനാൽ ആനക്കൂട്ടം എത്തിയില്ല. വാഴത്തോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ള അനിമൽ റിപ്പല്ലന്റിനടുത്ത് ഏതെങ്കിലും മൃഗം വന്നാൽ കടുവയുടെയും കാട്ടുകടന്നലിന്റെയും ശബ്ദങ്ങൾ ഇടകലർന്ന ഭീതികരമായ ഒരു പ്രത്യേക ശബ്ദം ഉച്ചത്തിലുണ്ടാകും.
ഇതിനൊപ്പം ചുവപ്പുനിറത്തിലും വെള്ളനിറത്തിലുമുള്ള ഫ്ളാഷ് ലൈറ്റുകളും പ്രദേശത്ത് തിളങ്ങി നില്ക്കും. ഈ ശബ്ദമാണ് മൃഗങ്ങളിൽ ഭയപ്പാടുണ്ടാക്കി പായിക്കുന്നത്. അതേസമയം കാട്ടുമൃഗങ്ങളിൽനിന്നും കർഷകരെ രക്ഷിക്കണമെന്ന് സിപിഎം വടക്കഞ്ചേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ മൂന്നുദിവസം കണച്ചിപരുതയിലെ രജനീഷിന്റെ തോട്ടത്തിൽ കാട്ടാനയിറങ്ങിയതിനെ തുടർന്ന് നാലായിരത്തോളം വാഴകളാണ് നശിപ്പിചിട്ടുള്ളത്. പീച്ചി റിസർവ്വ് ഫോറസ്റ്റിൽനിന്നും ആറോളം വരുന്ന ആനക്കൂട്ടമാണ് ഇവിടെ നാശനഷ്ടങ്ങൾ വരുത്തുന്നത്. പ്രശ്നത്തിന് അടിയന്തിര പരിഹാരമെന്നോണം കെ.ഡി.പ്രസേനൻ എംഎൽഎ ഇടപെട്ട് രജനീഷിന്റെ തോട്ടത്തിൽ രണ്ട് എലിഫന്റ് റിപലന്റ് സ്ഥാപിക്കുകയും വനാർത്ഥിയിൽ 15 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിരിക്കുന്നത്.
അഞ്ചുകിലോമീറ്റർ ദൂരത്ത് സൗരോർജ വേലിയുടെ നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള പ്രദേശത്ത് വേലി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങൾ നീക്കി ഉടനേ സൗരോർജവേലി സ്ഥാപിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാക്കുകയും വേണം.
കാട്ടാനയ്ക്ക് പുറമെ പാലക്കുഴി, ഓടംതോട്, പോത്ത്ചാടി, കരിങ്കയം, കടപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കടുവ, പുലി, കാട്ട് പന്നി, കുരങ്ങ്, മയിൽ തുടങ്ങിയവ ഇറങ്ങി വ്യാപകമായ കൃഷി നാശം ഉണ്ടാക്കിയിട്ടുണ്ട്. കിഴക്കഞ്ചേരി മലയോരമേഖലയിൽ വളർത്തുനായയെയും, ആട്, പശു തുടങ്ങിയ വളർത്തുമൃഗങ്ങളെയും പുലിയും കടുവയും പിടിക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം പാലക്കുഴി വിലങ്ങൻപാറയിൽ 150 കിലോയോളം തൂക്കമുള്ള കാളയെ കടുവ പിടിച്ച് കൊല്ലുന്ന സാഹചര്യമുണ്ടായി.
റബർ ടാപ്പിംഗ് നടത്തി ഉപജീവമാർഗം നടത്തുന്ന തൊഴിലാളികൾക്ക് ഇത്തരം കാട്ടുമൃഗങ്ങൾ വൻഭീഷണിയാകുകയാണ്. പുലർച്ചെ ടാപ്പിംഗ് പോകാൻപോലും കഴിയാത്ത സാഹചര്യമുണ്ട്. ഇത്തരം വിഷയങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും കൃഷിനശിപ്പിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ട് കർഷകരെ അണിനിരത്തി കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി കെ.ബാലൻ പറഞ്ഞു.കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം നശിപ്പിച്ച കണച്ചിപരുത രജനീഷിന്റെ കൃഷിസ്ഥലങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു.