ലക്നോ: മാനഭംഗത്തിനു വ്യത്യസ്ത നിർവചനം നൽകി വിവാദത്തിലായി ഉത്തർപ്രദേശിലെ ബിജെപി മന്ത്രി. ഓരോ മാനഭംഗത്തിനും അതിന്റേതായ സ്വഭാവമുണ്ടെന്ന് മന്ത്രി ഉപേന്ദ്ര തിവാരി പറഞ്ഞു. 30-35 വയസ് പ്രായമുള്ള സ്ത്രീകൾക്കെതിരായ പീഡനം വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണ് മാനഭംഗത്തിനരയാകുന്നതെങ്കിൽ അതിനെ പീഡനമെന്ന് പറയാം. എന്നാൽ 30-35 വയസ് പ്രായമുള്ള വിവാഹിതയായ സ്ത്രീയാണ് മാനഭംഗത്തിനിരയാകുന്നതെങ്കിൽ സംഭവം വ്യത്യസ്തമാണ്. രണ്ടു വ്യക്തികൾ പരസ്പര ബന്ധത്തിൽ ഏർപ്പെട്ട ശേഷം വർഷങ്ങൾ കഴിഞ്ഞ് മാനഭംഗപ്പെടുത്തിയെന്ന് ആരോപിക്കുന്നു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സംഭവത്തിൽനിന്നും ഈ വിഷയം വ്യത്യസ്തമാണെന്ന് മന്ത്രി പറഞ്ഞു. സംഭവം വിവാദമായതോടെ മന്ത്രിക്കെതിരെ വിമർശവുമായി നിവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.