തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കോണ്ഗ്രസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം എ.കെ ആന്റണിയുടെ മാത്രം തലയിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പു സഖ്യങ്ങളുടെ പേരിൽ ഒരു നേതാവിനെ മാത്രം ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരളം ദേശീയ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത നേതാക്കളിൽ ഒരാളാണ് ആന്റണി. ഉന്മൂലന രാഷ്ട്രീയത്തിന്റെയും വർഗീയതയുടെയും പിടിയിൽ അകപ്പെടാതെ എഴുപതുകളിൽ കേരളത്തിലെ ചെറുപ്പക്കാർക്ക് ദിശാബോധം നൽകിയത് ആന്റണിയുടെ നേതൃത്വം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരു കൂട്ടായ പ്രവർത്തത്തിന്റെ ഭാഗമാണ്. പല മുതിർന്ന നേതാക്കൾക്കും വിവിധ സംസ്ഥാനങ്ങളുടെ ചുമതല നൽകിയിരുന്നു. ചാർജുള്ള ജനറൽ സെക്രട്ടറിമാർ കോൺഗ്രസ് അധ്യക്ഷനും മുതിർന്ന നേതാക്കളുമായി ആലോചിച്ചാണ് തെരഞ്ഞെടുപ്പ് സഖ്യം ഉൾപ്പെടെ രൂപപ്പെടുത്തിയത്. സഖ്യം ഉണ്ടാക്കിയ സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടിവന്നു എന്ന് മറക്കരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.