ചിങ്ങവനം: ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റും മഴയും പള്ളം, എസ്എൻഡിപി ഭാഗങ്ങളിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടാക്കി. തകർന്ന വീടുകൾക്കുള്ളിൽപ്പെട്ട് രണ്ടു പേർക്ക് പരിക്കേറ്റു. പത്തോളം വീടുകൾക്ക് നാശമുണ്ടായി എന്നാണ് കണക്കാക്കുന്നത്. നാലു വീടുകൾക്ക് കനത്ത നാശമുണ്ടായി.
ഇന്നലെ വൈകുന്നേരം ആറു മണിയോടെ ആഞ്ഞടിച്ച കാറ്റാണ് പള്ളം പ്രദേശത്ത് വില്ലനായത്. 39, 40 വാർഡുകളിലാണ് നാശം വിതച്ചത്. പള്ളം ഷാപ്പ് പറന്പിൽ മാധവൻ (83), ഭാര്യ കല്യാണി (82) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വത്സമ്മ പുരുഷോത്തമൻ, ഇരുപതിൽ ചെല്ലമ്മ കിഴക്കേപ്പുറം, പുത്തൻചിറ സി.ടി. ജോണ്‍ എന്നിവരുടെ വീടുകളാണു തകർന്നത്. കാറ്റിൽ മരം ഒടിഞ്ഞു വീണാണ് വീടുകൾക്ക് നാശമുണ്ടായത്. 39-ാം വാർഡിലുള്ളവരാണ് ഇവർ. പല വീടുകളുടെയും മേൽക്കൂര കാറ്റിൽ പറന്നു.
നനഞ്ഞൊലിച്ച വീടുകളിൽ കഴിയാൻ ബുദ്ധിമുട്ടായതോടെ പലരും അയൽവാസികളുടെ വീടുകളിൽ അഭയം തേടിയിരിക്കുകയാണ്. പള്ളം ഗവ. എൽപി സ്കൂളിലെ ബാത്ത് റൂമിന്റെ മേൽക്കൂരയും കാറ്റിൽ പറന്നു. നഗരസഭാ കൗണ്‍സിലർമാരായ ടിന്റു ജിൻസ്, റിജേഷ്സി ബ്രീസ് വില്ല എന്നിവർ സ്ഥലം സന്ദർശിച്ചു.