ചാവക്കാട്: കാലവർഷം ആരംഭിച്ചതോടെ തീരവാസികൾക്ക് ആശങ്ക ബാക്കി. മഴയ്ക്കും കാറ്റിനും പിന്നാലെ കടലേറ്റവും തുടങ്ങി. കടപ്പുറം പഞ്ചായത്തിൽ വീശിയ ശക്തമായ കാറ്റിൽ തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളും നിലംപതിച്ചു. വൈദ്യുതിബന്ധം തകരാറിലായി.തകർന്നുകിടക്കുന്ന കടൽഭിത്തിയിൽ കൂടി കടൽ കരക്ക് കയറുകയാണ്.
വരുംദിവസങ്ങളിൽ ഇത് ശക്തമാകുമെന്ന് തീരവാസികൾ പറയുന്നു. തകർന്നുകിടക്കുന്ന കടൽഭിത്തി പുനർനിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അളവുകളും കണക്കെടുപ്പും നടക്കുന്നുണ്ട് പണി നടക്കുന്നില്ലെന്നാണ് കടലോരവാസികൾ പറയുന്നത്. ആവശ്യത്തിനുള്ള കരിങ്കൽ കിട്ടാത്തതാണ് കടൽഭിത്തി പുനർനിർമാണത്തിന് തടസമെന്ന് ഇറിഗേഷൻ വകുപ്പ് പറയുന്നു.
ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ തീരം വറുതിയിലേക്ക്. അതിനു പിന്നാലെയാണ് ഭീതിപരത്തി കാലവർഷത്തിന്റെ വരവ്. ഇനിയുള്ള നാളുകൾ തീരവാസികളുടെ ജീവിതം മുൾമുനയിലാണ്. യന്ത്രബോട്ടുകൾ കരയ്ക്കു കയറിയതോടെ മത്സ്യത്തൊഴിലാളികൾക്ക് മാത്രമല്ല ആയിരക്കണക്കിന് വരുന്ന അനുബന്ധ തൊഴിലാളികൾക്കും ജീവിതം ദുരിതമാണ്. അനുബന്ധ തൊഴിലാളികളിൽ കുറേപേർ പതിവുപോലെ തൊഴിൽതേടി അയൽസംസ്ഥാനത്തേക്ക് വണ്ടി കയറി.
ചെന്നൈ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ചേക്കേറുന്ന ഇവർ ട്രോളിംഗ് നിരോധനം കഴിയുന്പോൾ നാട്ടിൽ തിരിച്ചെത്തും. എന്നാൽ സ്ത്രീതൊഴിലാളികൾ വീട്ടിൽതന്നെ. മത്സ്യലഭ്യത കുറഞ്ഞതിനാൽ വലിയ ബോട്ടുകൾ ട്രോളിംഗ് നിരോധനത്തിന് മുന്പുതന്നെ കരപറ്റി. അയൽജില്ലകളിൽനിന്നും കുളച്ചൽ, കന്യാകുമാരി എന്നിവിടങ്ങളിൽനിന്നും എത്തിയിരുന്ന ബോട്ടുകളും ആഴ്ചകൾക്ക് മുന്പ് കരപറ്റി. തീരമണയുന്നതിന് മുന്പായി കടലിൽ പോയ ചെറുബോട്ടുകൾക്ക് ചെമ്മീൻ ലഭിച്ചത് ആശ്വാസമായി.
വറുതിയും ആശങ്കയും വിശ്രമവുമായി ദിവസങ്ങൾ തള്ളിനീക്കുന്ന കടലിന്റെ മക്കൾ പ്രതീക്ഷയിലാണ്. അതിനായി ബോട്ടുകളുടെ അറ്റകുറ്റപണികൾ തീർക്കുന്ന തിരക്കിലാണ് ഉടമകളും തൊഴിലാളികളും. അപ്പോഴും അവർ ചോദിക്കുന്നു തകർന്ന കടൽഭിത്തി എന്ന് നിർമിക്കും.