ന്യൂഡൽഹി: രാജ്യ മനഃസാക്ഷിയെ നടുക്കിയ കഠുവ കൂട്ടമാനഭംഗക്കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ്. മുഖ്യപ്രതിയും ഗ്രാമത്തലവനുമായ സാഞ്ജി റാം, പോലീസ് ഉദ്യോഗസ്ഥൻ ദീപക് ഖജുരിയ, പർവേഷ് കുമാർ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിലെ മറ്റു മൂന്നു പ്രതികൾക്ക് അഞ്ച് വർഷം തടവുശിക്ഷയും 50,000 രൂപ പിഴയും വിധിച്ചു. പത്താൻകോട്ട് സെഷൻസ് കോടതിയുടേതാണ് വിധി.
പോലീസ് ഉദ്യോഗസ്ഥനായ ദീപക് ഖജുരിയ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയിരുന്നു. സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചതിനാണ് മറ്റു പോലീസ് ഉദ്യോഗസ്ഥരായ സുരേന്ദർ വർമ, തിലക് രാജ് എന്നിവർക്ക് അഞ്ച് വർഷം തടവുശിക്ഷ നൽകിയത്. പത്താൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്വീന്ദർ സിംഗാണ് വിധി പ്രഖ്യാപിച്ചത്.
കേസിൽ സംശയത്തിന്റെ അനുകൂല്യം നൽകിക്കൊണ്ടു സാഞ്ജി റാമിന്റെ മകൻ വിശാലിനെ കോടതി വെറുതെ വിട്ടിരുന്നു. ഇയാൾക്കെതിരെയും മാനഭംഗത്തിനാണ് കേസെടുത്തിരുന്നത്. സാഞ്ജി റാമിന്റെ മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂർത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ് പുരോഗമിക്കുന്നത്. ഇതിന്റെ വിധിപ്രസ്താവം പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ.
2018 ജനുവരി പത്തിനാണ് എട്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത്. കഠുവയിലെ ഒരു ക്ഷേത്രത്തിനു സമീപത്തെ ഹാളിൽ കുട്ടിയെ കെട്ടിയിട്ട് മയക്കുമരുന്നു നല്കി മയക്കിയശേഷം നാലു ദിവസം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പ്രദേശത്തുനിന്ന് നാടോടികളായ ബഖർവാൾ മുസ്ലിംഗളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനുപിന്നിലെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നു.