ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനം നടത്തിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് മോദിയുടെ വക പ്രഹരവും അപമാനവും. മോദിയുടെ നോട്ട് അസാധുവാക്കൽ നടപടി ആസൂത്രിത കൊള്ളയും നിയമാനുസൃത പിടിച്ചുപറിയുമാണെന്ന് (ഓർഗനൈസ്ഡ് ലൂട്ട് ആൻഡ് ലീഗലൈസ്ഡ് പ്ലൻഡർ) പാർലമെന്റിൽ ആഞ്ഞടിച്ച മുൻ പ്രധാനമന്ത്രിക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ വെട്ടിയൊതുക്കിയാണു രണ്ടാമത് അധികാരത്തിലെത്തിയ മോദി സർക്കാരിന്റെ പ്രതികാരം.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് മരണം വരെ നൽകിയ കാബിനറ്റ് മന്ത്രിമാർക്കുള്ള പ്രത്യേക ആനുകൂല്യങ്ങളാണ് 86 വയസുള്ള മൻമോഹനു നിഷേധിച്ചത്. വിമാനയാത്ര, മെഡിക്കൽ അലവൻസ്, പ്രൈവറ്റ് സെക്രട്ടറി അടക്കം 14 പേരുടെ പേഴ്സണൽ സ്റ്റാഫ്, ഒൗദ്യോഗിക വസതി എന്നിവ അടക്കം കാബിനറ്റ് മന്ത്രിമാർക്കുള്ള ആനുകൂല്യങ്ങളാണു മുൻ പ്രധാനമന്ത്രിക്കു നൽകിവന്നിരുന്നത്. എന്നാൽ, ഇനിമുതൽ മൻമോഹന് ഏറ്റവും താഴത്തെ തട്ടിലുള്ള രണ്ടു പേഴ്സണൽ സഹായിമാരും മൂന്നു പ്യൂണ്മാരും അടക്കം അഞ്ചു സ്റ്റാഫിനെ മാത്രമാണു കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
നിലവിലുള്ള സ്റ്റാഫ് അംഗങ്ങളെയും മറ്റ് അനുകൂല്യങ്ങളും തുടരാൻ അനുവദിക്കണമെന്നഭ്യർഥിച്ച് മൻമോഹൻ സിംഗ് പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. എന്നാൽ കാബിനറ്റ് മന്ത്രിയുടെ പദവിയിലുള്ള സ്റ്റാഫും അനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഒൗദ്യോഗിക തീരുമാനം അറിയിച്ചുകഴിഞ്ഞു. ലോകം ബഹുമാനിക്കുന്ന ഇന്ത്യയുടെ സാന്പത്തിക വളർച്ചയുടെ പിതാവിനു വയസുകാലത്ത് മുൻ പ്രധാനമന്ത്രിക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ നൽകാതെയാണു പഴയ പ്രഹരത്തിനുള്ള മോദിയുടെ പകരംവീട്ടൽ. മോദിയുടെ സാന്പത്തിക നയങ്ങളെ പാർലമെന്റിലും പുറത്തും രൂക്ഷമായി വിമർശിച്ചതിനാണ് ഈ പ്രതികാര നടപടികളെന്നാണു വിലയിരുത്തൽ.
രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർക്കുള്ളതുപോലെ സുരക്ഷാ കാര്യങ്ങൾ അടക്കമുള്ളവ പരിഗണിച്ച് മുൻ പ്രധാനമന്ത്രിമാർക്കു കൂടി കാബിനറ്റ് മന്ത്രിമാർക്കുള്ള പദവിയും ആനുകൂല്യങ്ങളും പേഴ്സണൽ സ്റ്റാഫും കാറും വസതിയും വിമാനയാത്രയും അടക്കമുള്ള ആനുകൂല്യങ്ങളും നൽകാൻ നരസിംഹ റാവു സർക്കാരിന്റെ കാലത്താണു തീരുമാനമെടുത്തത്. കാബിനറ്റ് റാങ്കിലുള്ള ഇവയെല്ലാം പ്രധാനമന്ത്രിസ്ഥാനത്തുനിന്നു വിരമിച്ച ശേഷം അഞ്ചു വർഷത്തേക്കു തുടരണമെന്നും നിശ്ചയിച്ചു. പിന്നീട് അവരുടെ അപേക്ഷയനുസരിച്ച് ആവശ്യമായ ആനുകൂല്യങ്ങൾ നീട്ടിനൽകുകയായിരുന്നു പതിവ്.
ചട്ടപ്രകാരം അനുവദിക്കുന്ന പദവിയും ആനുകൂല്യങ്ങളുമെല്ലാം നരസിംഹ റാവു മുതൽ വാജ്പേയി വരെയുള്ള മുൻ പ്രധാനമന്ത്രിമാർക്ക് അവരുടെ മരണംവരെ വീണ്ടും നീട്ടി നൽകിയിരുന്നു. ബിജെപിയുടെ നേതാവായിരുന്ന വാജ്പേയിക്ക് മറവിരോഗം ബാധിച്ച് അപേക്ഷ അയയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെങ്കിലും, പിന്നീട് പത്തുവർഷക്കാലം അധികാരത്തിലിരുന്ന മൻമോഹൻ സിംഗ് സർക്കാർ ആനുകൂല്യങ്ങളും മുഴുവൻ സ്റ്റാഫ് അംഗങ്ങളെയും അദ്ദേഹത്തിന്റെ മരണം വരെ തടസമില്ലാതെ അനുവദിച്ചിരുന്നു. വാജ്പേയിയുടെ ഓഫീസിന്റെ അപേക്ഷയനുസരിച്ച് 14നു പകരം 12 സ്റ്റാഫിനെയാണു അവസാനം വരെ സർക്കാർ ചെലവിൽ നൽകിയിരുന്നത്.
മുൻ പ്രധാനമന്ത്രിയോടുള്ള ബഹുമാനമെന്ന നിലയിലും സുരക്ഷയും കണക്കിലെടുത്തു നൽകിവരുന്ന ഈ ആനുകൂല്യമാണു മൻമോഹന് പ്രതികാരമെന്നോണം മോദി നിഷേധിച്ചത്. തമിഴ്നാട്ടിൽനിന്നോ മറ്റോ ഇനി രാജ്യസഭാംഗമായി തിരിച്ചെത്തിയാൽ മാത്രമേ എംപി എന്ന നിലയിലുള്ള പ്രത്യേക ആനുകൂല്യങ്ങളും പ്രിവിലേജുകളും മൻമോഹൻ സിംഗിനു ലഭിക്കൂ. എന്നാൽപോലും മൻമോഹന് ഇപ്പോഴുള്ള 14 സ്റ്റാഫ് അംഗങ്ങൾക്കും തുടരാനാകില്ല.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിഷേധാത്മക നിലപാടിനെത്തുടർന്ന് സ്വന്തംപ്രൈവറ്റ് സെക്രട്ടറിയെ പോലും തുടർന്നു നിയമിക്കാൻ മൻമോഹൻ സിംഗിനു കഴിയാത്ത നിലയാണുള്ളത്. നിലവിലുള്ള 14 സ്റ്റാഫിനു പകരം ഇനി മൂന്നു പ്യൂണ്, രണ്ടു പിഎ എന്നിവരെ മാത്രമേ അനുവദിക്കാനാകൂ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം രേഖാമൂലം മൻമോഹൻ സിംഗിനെ അറിയിച്ചു. ഇനി എംപിയായി തുടരാനായാൽ താഴ്ന്ന ഗ്രേഡിലുള്ള ഒരാളെ സെക്രട്ടറിയായി നിയമിക്കാൻ മാത്രമേ മൻമോഹൻ സിംഗിനു കഴിയൂ.
മൻമോഹൻ സിംഗ് തമിഴ്നാട്ടിൽനിന്നു രാജ്യസഭയിലെത്തും
ന്യൂഡൽഹി: അടുത്ത മാസം 14ന് രാജ്യസഭാ കാലാവധി കഴിയുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ തമിഴ്നാട്ടിൽനിന്ന് വീണ്ടും രാജ്യസഭയിലെത്തിക്കും. തമിഴ്നാട്ടിൽനിന്നുള്ള ആറു രാജ്യസഭാംഗങ്ങളുടെ കാലാവധി ജൂലൈ 27ന് അവസാനിക്കുന്ന ഒഴിവുകളിലൊന്ന് മൻമോഹനു നൽകണമെന്ന കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ ആവശ്യം ഡിഎംകെ അംഗീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ആറു സീറ്റുകളിൽ ഇപ്പോഴത്തെ കക്ഷിനില അനുസരിച്ചു മൂന്നു വീതം ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികൾക്കു ലഭിക്കും. കോണ്ഗ്രസ് ഭരണ സംസ്ഥാനങ്ങളിൽനിന്നു സ്വന്തം നിലയിൽ രാജ്യസഭാംഗത്തെ ജയിപ്പിക്കാൻ 2020 ഏപ്രിൽ വരെ കാത്തിരിക്കേണ്ടി വരുമെന്നതിനാലാണു തമിഴ്നാട്ടിൽനിന്ന് അടുത്തുവരുന്ന ഒഴിവിൽ മൻമോഹനെ തുടർച്ചയായ അഞ്ചാം തവണയും രാജ്യസഭയിലെത്തിക്കാൻ കോണ്ഗ്രസ് നേതൃത്വം തീരുമാനിച്ചത്.
1991 മുതൽ തുടർച്ചയായി ആസാമിൽ നിന്നുള്ള രാജ്യസഭാംഗമാണ് മൻമോഹൻ. ആസാമിലെ രണ്ടു രാജ്യസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കാമാഖ്യ പ്രസാദ് താസയും എജിപിയുടെ ബീരേന്ദ്ര പ്രസാദ് ബൈഷ്യയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും മുൻ എംപിമാരാണ്. ജയിക്കാൻ വേണ്ടത്ര എംഎൽഎമാരുടെ അഭാവത്തിൽ കോണ്ഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.
ഡോ. മൻമോഹൻ സിംഗ്
സത്യസന്ധതയ്ക്കും മാന്യതയ്ക്കും പേരുകേട്ട ഡോ. മൻമോഹൻ സിംഗ് സൗമ്യതയിലും ലാളിത്യത്തിലും മാതൃകയാണ്. സാന്പത്തിക ശാസ്ത്രത്തിലെ മികവിന് ലോകത്തിന്റെയാകെ ആദരവു നേടി. സാന്പത്തിക ഉദാരവത്കരണം, ആഗോളവത്കരണം എന്നിവയിലൂടെ ഇന്ത്യയെ ആഗോള സാന്പത്തിക ശക്തികളിലൊന്നായി വളർത്തിയ ഭരണകർത്താവ്.
വലിയ സാന്പത്തിക തകർച്ചയിലേക്കു രാജ്യം നീങ്ങുന്പോഴായിരുന്നു 1991ൽ പി.വി. നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായെത്തി സാന്പത്തിക വളർച്ചയ്ക്കു നേതൃത്വം നൽകിയത്. അമേരിക്കയുമായുള്ള ആണവകരാർ അടക്കം വിദേശ, സാന്പത്തിക നയങ്ങളിലെ കുതിപ്പുകൾ മുതൽ തൊഴിലുറപ്പ്, വിവരാവകാശം, വിദ്യാഭ്യാസ അവകാശം, ഭക്ഷ്യാവകാശം തുടങ്ങി നിരവധി വിപ്ലവകരമായ മാറ്റങ്ങൾക്കും മൻമോഹൻ സിംഗ് നേതൃത്വം നൽകി.
1972 മുതൽ 76 വരെ കേന്ദ്രസർക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ്. 1976 മുതൽ കേന്ദ്ര ധന സെക്രട്ടറിയും റിസർവ് ബാങ്ക് ഡയറക്ടറും. 1982 മുതൽ 85 വരെ റിസർവ് ബാങ്ക് ഗവർണർ. 1985 മുതൽ 87 വരെ കേന്ദ്ര ആസൂത്രണ കമ്മീഷൻ തലവൻ. 1987 മുതൽ 90 വരെ സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായുള്ള സാന്പത്തിക “തിങ്ക് ടാങ്കായ’ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറൽ.
1991 മുതൽ 95 വരെ കേന്ദ്ര ധനമന്ത്രി. 2004 മുതൽ തുടർച്ചയായ പത്തു വർഷം ഇന്ത്യയുടെ പ്രധാനമന്ത്രി. 1991 മുതൽ തുടർച്ചയായി രാജ്യസഭാംഗം. 1998 മുതൽ 2004 വരെ വാജ്പേയി സർക്കാരിന്റെ കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്. സോണിയാ ഗാന്ധിയുടെ പിന്മാറ്റത്തത്തുടർന്ന് 2004 മുതൽ യുപിഎ സർക്കാരിന്റെ പ്രധാനമന്ത്രിയായി.
പഞ്ചാബ് സർവകലാശാലയിൽ നിന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കേംബ്രിംജ് സർവകലാശാലയിലെ സെന്റ് ജോണ്സ് കോളജിൽനിന്ന് ഇക്കണോമിക്സിൽ ഉന്നതബിരുദം. തുടർന്ന് പഞ്ചാബ് സർവകലാശാലയിൽ അധ്യാപനം. 1960ൽ ഓക്സ്ഫഡ് സർവകലാശാലയിലെ നഫീൽഡ് കോളജിൽ അംഗമായി ഡിഫിൽ ഡോക്ടറേറ്റും നേടി. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും മൻമോഹൻ സിം ഗിനെ തേടിയെത്തി.
ജോർജ് കള്ളിവയലിൽ