അന്പലപ്പുഴ: കരുമാടി പ്രദേശത്തെ കഞ്ഞിപ്പാടവുമായി ബന്ധിപ്പിക്കുന്ന കരുമാടി നിക്കോളാസ് റോഡ് ശോചനീയാവസ്ഥയിലായിട്ട് മൂന്നു വർഷമാകുന്നു. റോഡ് പുനരുദ്ധരിക്കാതെ അധികൃതർ മൗനത്തിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്കൂൾ തുറന്നതോടെ നിക്കോളാസ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള രണ്ടു വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാഥികൾ റോഡിലെ കുണ്ടിലും കുഴിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വീഴുന്നത് പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു.
500 ൽ അധികം വിദ്യാർഥികളും നിരവധി യാത്രക്കാരും സഞ്ചരിക്കുന്ന ഈ റോഡിന്റെ 500 മീറ്ററോളം പൂർണമായും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ചെളിവെള്ളത്തിൽ വീണ് ദേഹമാസകലം നനഞ്ഞ് യൂണിഫോമിൽ അഴുക്ക് പിടിക്കുന്നതിനെ തുടർന്ന് പല വിദ്യാർത്ഥികൾക്കും തിരികെ മടങ്ങേണ്ട ഗതികേടിലാണ്.
വാഹനങ്ങൾ കുണ്ടിലും കുഴിയിലും വീണ് കെട്ടിക്കിടക്കുന്ന മലിനജലം ദേഹത്ത് തെറിച്ച് വീഴുന്നതിനെ തുടർന്ന് ചർച്ചിലേക്ക് പോകേണ്ട ഭക്തർ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് സർക്കാർ നിരന്തരം പ്രസ്താവിക്കുന്നുണ്ടെങ്കിലും, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിച്ച് വിദ്യാർഥികൾക്ക് സുഗമമായ യാത്ര ഒരുക്കാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപമാണ് നാട്ടുകാർക്ക്.
മഴക്കാലം എത്തിയതോടെ സഞ്ചാര യോഗ്യമല്ലാത്ത റോഡ് പുനരുദ്ധരിക്കാൻ അധികാരികൾ തയാറാകാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടി ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.