കായംകുളം: ലോറിയുമായി കൂട്ടിയിടിച്ച് ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ സുമീറിനാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ സുമീറിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയോടെ ദേശീയപാതയിൽ കായംകുളം ചേപ്പാടിന് സമീപമായിരുന്നു അപകടം.
ലൈഫ് ഒമ്നി ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.രോഗിയെ കയറ്റാൻ പോകുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് ദേശീപാതക്കരികിലേക്ക് തലകീഴായി മറിയുകയായിരുന്നു.
എതിരെ വന്ന വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ പുറത്തെടുത്ത് ഹരിപ്പാട് താലൂക്കാശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കരീലക്കുളങ്ങര പോലീസും സ്ഥലത്തെത്തിയിരുന്നു.