നാലു പതിറ്റാണ്ട് മുൻപ് ജനിച്ചു വീണയുടൻ നഴ്സ് രാജമ്മ കൈകളിലെടുത്ത ആണ്‍കുഞ്ഞ് ഇന്ന് ഇന്ത്യ ഭരിക്കാൻ പ്രാപ്തിയുള്ള നേതാവായി വളർന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പിതാവ് രാജീവ് ഗാന്ധിക്കും സോണിയയ്ക്കും മുമ്പേ കൈകളിലെടുത്ത രാജമ്മയെ സ്നേഹപൂർവം രാഹുൽ ഗാന്ധി വാരിപ്പുണർന്നു. വികാര ഭരിതമായിരുന്നു കൂടിക്കാഴ്ച.
മൂന്നു ദിവസത്തെ വയനാട് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി ഇന്നലെ കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയിലേക്കും മുക്കത്തേക്കും റോഡ് ഷോയ്ക്കായി പുറപ്പെടും മുമ്പാണ് രണ്ടു ദിവസം രാത്രി തങ്ങിയ കൽപ്പറ്റ ഗവണ്മെന്റ് റെസ്റ്റ്ഹൗസിൽ രാജമ്മയെയും കുടുംബത്തെയും കണ്ടത്.
ഡൽഹി ഹോളിഫാമിലി ആശുപത്രിയിലെയും ആർമിയിലെയും നഴ്സിംഗ് സേവനത്തിനുശേഷം വയനാട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് രാജമ്മ. രാഹുൽ ജനിച്ച ഡൽഹി ഹോളിഫാമിലി ആശുപത്രിയിൽ അന്ന് നഴ്സ് ആയിരുന്ന രാജമ്മ, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും രാഹുലിന്റെ ജനനവും ആശുപത്രിയിലെ സംഭവങ്ങളും ഇന്നലെയെന്ന പോലെ ഓർമിക്കുന്നു. പാറ്റ്നയിലെ ആശുപത്രിയിലായിരുന്നു ജനറൽ നഴ്സിംഗ് പഠിച്ചത്.
പഠനം കഴിഞ്ഞു മിഡ്വൈഫറി പരിശീലനത്തിന്റെ ഭാഗമായാണ് ഇതേ മാനേജ്മെന്റിനു കീഴിലുള്ള ഡൽഹി ഹോളിഫാമിലി ആശുപത്രിയിലേക്ക് മാറിയത്. പഠിക്കുമ്പോൾത്തന്നെ ഗൈനക്കോളജി വാർഡായിരുന്നു ഇഷ്ടം. ജോലിയിലും അത് തുടർന്നു. അങ്ങനെയാണ് അന്ന് പ്രശസ്ത ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ഗായിയും അഞ്ച് നഴ്സുമാരും നഴ്സിംഗ് സൂപ്രണ്ടും സോണിയാ ഗാന്ധിയുടെ പ്രസവ ശുശ്രൂഷയിൽ പങ്കാളികളായത്.
‘എന്റെ ഓർമ ശരിയാണെന്നാണ് വിശ്വാസം. അന്ന് 1970 ജൂൺ 19. ഉച്ചകഴിഞ്ഞു ഗാന്ധി കുടുംബത്തിലെ പുതിയ അംഗത്തെ ആശുപത്രിയിൽ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. സുന്ദരനായ ആണ്‍കുഞ്ഞിന് സോണിയ ഗാന്ധി ജൻമം നൽകി.
വെളുത്ത കുർത്തയണിഞ്ഞ് രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ലേബർ റൂമിനു പുറത്തുണ്ടായിരുന്നു. ലേബർ റൂമിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും രാജീവ് ഗാന്ധി പുറത്ത് കാത്തിരിക്കുകയായിരുന്നു. പാറ്റ്നയിലായിരുന്നതിനാൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മൂന്നാം ദിവസമാണ് പേരക്കുട്ടിയെ കാണാൻ ആശുപത്രിയിലെത്തിയത് ’ – രാജമ്മ പറഞ്ഞു.
കണ്ണൂർ മുഴക്കുന്ന് നാരായണന്റെയും ജാനകിയുടെയും മകളായ രാജമ്മ 1971 ലാണ് വയനാട് കല്ലൂർ വാവത്തിൽ രാജപ്പനെ വിവാഹം കഴിച്ചത്. ആർമിയിൽ ലാബ് ടെക്നീഷനായിരുന്നു രാജപ്പൻ. 1972 ൽ യുദ്ധകാലത്ത് രാജമ്മയ്ക്കും നഴ്സായി ആർമിയിൽ ജോലി ലഭിച്ചു. 1982ൽ കംപാഷണേറ്റ് റിട്ടയർമെന്റ് പ്രകാരം രാജമ്മ ആർമി വിട്ടു. വർഷങ്ങൾക്കു ശേഷം യെമനിലും മറ്റ് പലയിടത്തും ജോലി ചെയ്തു. ഏക മകൻ രാജേഷും നഴ്സായ ഭാര്യ സിന്ധുവും കുടുംബസമേതം കുവൈത്തിലാണ്.
രാജമ്മ വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുൽഗാന്ധി യുഡിഎഫ് സ്ഥാനാർഥി ആയി എത്തുന്നത് അറിഞ്ഞത്. അയൽവാസിയായ ഒരു പൊതു പ്രവർത്തകൻവഴിയാണ് രാഹുലിനെ ആദ്യമായി കൈയിലെടുത്ത കാര്യം പുറം ലോകം അറിഞ്ഞത്. ഒരു ദേശീയ മാധ്യമത്തിലൂടെ വയനാട് ബത്തേരിക്കടുത്ത കല്ലൂർ വാവത്തിൽ രാജപ്പന്റെ ഭാര്യ രാജമ്മയെക്കുറിച്ച് രാഹുലും പ്രിയങ്കയും അറിഞ്ഞു. രാഹുൽ ഗാന്ധി ജനിച്ചപ്പോൾ ആദ്യമായി കൈകളിലെടുത്ത രാജമ്മയെ കാണാൻ രാഹുൽ കാത്തിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.