വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയോരങ്ങളിൽ നിർമാണാവശ്യങ്ങൾക്കായി വൻതോതിൽ കുന്നിടിച്ചുള്ള പ്രവൃത്തികൾ മണ്ണിടിച്ചിലിനും പാരിസ്ഥിതിക വ്യതിയാനങ്ങൾക്കും കാരണമാകുമെന്ന് വിലയിരുത്തൽ.
തേനിടുക്ക്, പന്നിയങ്കര തുടങ്ങിയ ഭാഗങ്ങളിലാണ് വൻതോതിൽ കുന്നുനിരപ്പാക്കൽ നടക്കുന്നത്.
സ്ഥലം ലെവൽ ചെയ്യാനെന്ന മട്ടിലാണ് കുന്ന് നിരപ്പാക്കൽ നടക്കുന്നത്. ഇതിനു റവന്യൂ അധികൃതരും കൂട്ടുനില്ക്കുന്നതിനാൽ നിയമലംഘന നടപടികൾ നിർബാധം തുടരുകയാണെന്നാണ് ആക്ഷേപം. കാലവർഷം ശക്തിപ്പെടുന്നതോടെ ഇവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി മണ്ണും ചെളിയും റോഡിലെത്തും.
കഴിഞ്ഞവർഷമുണ്ടായ അതിവർഷത്തിൽ ദേശീയപാതയോരങ്ങളിൽ വ്യാപക മണ്ണിടിച്ചിലുണ്ടായിരുന്നു. തുടർച്ചയായി മഴപെയ്താൽ ഇവിടെയെല്ലാം മണ്ണിടിച്ചിൽ വീണ്ടും ഉണ്ടാകും. ആറുവരിപ്പാത നിർമാണത്തിന്റെ അപാകതകളാണ് ഇത്രയും സ്ഥലങ്ങളിൽ മണ്ണിടിച്ചിലിനു കാരണമാക്കിയത്. ചെമ്മണ്ണാംകുന്ന്, വാണിയന്പാറ, കൊന്പൻ വില്ലൻവിളവ് എന്നിവിടങ്ങളിൽ അപകടകരമാംവിധം മണ്ണിടിച്ചിലുണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
വാണിയന്പാറ നീലിപ്പാറയിൽ കരിങ്കല്ല് ഖനനത്തെതുടർന്ന് ഒരു വലിയ പ്രദേശമാകെ പച്ചപ്പില്ലാതായി. മണ്ണിന്റെ പേരിൽ മണ്ണുകടത്താനുള്ള പെർമിറ്റെടുത്ത് ചിറ്റിലഞ്ചേരിക്കടുത്ത് വൻതോതിലുള്ള കുന്നിടിക്കലാണ് നടക്കുന്നത്. അവിടെനിന്നും ഒരു ലോഡ് മണ്ണുപോലും ദേശീയപാതയിലെത്തിയില്ലെന്നതാണ് വസ്തുത. മണ്ണെല്ലാം വലിയ തുകയ്ക്കാണ് മറ്റിടങ്ങളിലേക്ക് വില്പന നടത്തുന്നത്.