പാലക്കാട്: അടുത്ത കാലത്തായി സംസ്ഥാനത്ത് വർധിച്ചുവരുന്ന ഡിവോഴ്സ്യൽ മാട്രിമോണിയലിനെതിരെ ജാഗ്രത വേണമെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന വനിതകമ്മീഷൻ മെഗാ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.
വിവാഹമോചിതരായ രണ്ടു വ്യക്തികൾ ഡിവോഴ്സ് മാട്രിമോണിയൽ വഴി പുനർവിവാഹിതരാവുകയും ഭർത്താവ് ഭാര്യയുടെ വ്യാജ ഒപ്പോടെ മുൻഭർത്താവിനെതിരെ വനിത കമ്മീഷനിൽ പരാതി അയക്കുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മീഷന്റെ വെളിപ്പെടുത്തൽ. കമ്മീഷനു മുന്നിൽ ഹാജരായ ഭാര്യ താൻ പരാതി അയച്ചിട്ടില്ലെന്നും ഒപ്പ് തന്റേതല്ലെന്നും തിരിച്ചറിഞ്ഞു. ഭാര്യയുടെ വ്യാജ ഒപ്പോടെ ബാങ്ക് ലോണ്‍ മുഖേന ആഡംബര കാറുകൾ ഇയാൾ വാങ്ങിച്ചു.
ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുള്ള ഈ സ്ത്രീയുടെ മാതാപിതാക്കളുടെ സ്വത്തും പെൻഷനുമടക്കം നിലവിലുള്ള ഭർത്താവ് ലോണെടുത്ത ബാങ്കുകൾ അറ്റാച്ച് ചെയ്തിട്ടുണ്ട്.കുടുംബകോടതി ഭാര്യയ്ക്കും രണ്ട് പെണ്‍കുട്ടികൾക്കും മാസം 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചിട്ടും വീഴ്ച വരുത്തിയെന്ന ഭാര്യയുടെ പരാതിയിൽ കുടിശ്ശികയായ രണ്ടര ലക്ഷത്തോളം രൂപ അടുത്ത അദാലത്ത് ദിവസം ഭാര്യയെ ഏൽപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.
ഈ പരാതിയുമായി ബന്ധപ്പട്ട് വനിത കമ്മീഷൻ അദാലത്തിൽ മദ്യപിച്ചെത്തിയ എതിർകക്ഷിയെ കോട്ടയത്തുള്ള ഹോമിയോ പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് കമ്മീഷൻ അയച്ചു. ടതി വിധിയുണ്ടായിട്ടും സഹോദരിമാർക്ക് സ്വത്തുവിട്ടുനൽകുന്നില്ലെന്ന പരാതിയിൽ സഹോദരനെതിരെ കേസ് നടപ്പിലാക്കാൻ വനിത കമ്മീഷൻ അഭിഭാഷകനെ ഏർപ്പാടാക്കി കൊടുത്തു.പി. എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ട എരവാലൻ വിഭാഗത്തിലെ മൂന്ന് പെണ്‍കുട്ടികൾക്ക് വെരിഫിക്കേഷന് ജാതി സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതിയിൽ പെണ്‍കുട്ടികൾക്ക് മുഖ്യമന്ത്രിയെ നേരിട്ടുകാണാൻ കമ്മീഷൻ വെള്ളിയാഴ്ച അവസരമൊരുക്കും.
ഹേമാംബിക നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2018ൽ 19 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആ ത്മഹത്യക്കുറിപ്പിലുള്ള മറ്റൊരാളുടേതെന്ന് കരുതുന്ന നിർണായകമായ ഒരു വാചകം എതയും വേഗം ഫോറൻസിക് പരിശോധന നടത്തി ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ വനിത കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു. 106 കേസുകളാണ് വനിത കമ്മീഷനു മുന്നിലെത്തിയത്.
ഇതിൽ 20 കേസുകൾ തീർപ്പാക്കി. 52 കേസുകളിൽ കക്ഷികൾ ഹാജരായില്ല. 27 എണ്ണം അടുത്ത അദാലത്തിൽ പരിഗണിക്കാനായി മാറ്റി വെച്ചു. ഏഴ് കേസുകളിൽ പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിത കമ്മീഷൻ ഡയറക്ടർ വി.യു.കുര്യാക്കോസ്, അംഗങ്ങളായ ഇ.എം.രാധ, ഷിജി ശിവജി, അഭിഭാഷകരായ കെ.പി.വിജയലക്ഷ്മി, എ.അഞ്ജന, സി.രമിക, ടി.ശോഭന, വനിത സെൽ എസ് ഐ ശോഭ, സിവിൽ പോലീസ് ഓഫീസർ ചന്ദ്ര പങ്കെടുത്തു.