കൊല്ലം: കാറ്റിലും മഴയിലും ജില്ലയിൽ വ്യാപകമായ നാശനഷ്ടം . കിഴക്കൻ മേഖലകളിൽ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കടൽക്ഷോഭ വും ശക്തമാണ്. കൊല്ലം നഗരത്തിൽ പല ഭാഗങ്ങളിലും ഇന്നലെ പെയ്ത മഴയിൽ വെള്ളം കയറി. ഇവിടെ കാൽനടയാത്രപോലും ദുഷ്കരമായി. ആണ്ടാമുക്കം, ചിന്നക്കട പുള്ളിക്കട കോളനി, ഉളിയക്കോവിൽ, ആശ്രാമം, ചിന്നക്കട മെയിന്‍ റോഡ്, ലിങ്ക് റോഡ്, മുളങ്കാടകം, തുന്പറ, കപ്പലണ്ടിമുക്ക്, കടപ്പാക്കട തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറിയത്.
ചിന്നക്കട ഉൾപ്പെടെയുള്ള ഫുട്പാത്തുകളിലും വെള്ളം കയറിയതിനെതുടർന്ന് കാൽനടയാത്ര ദുഷ്കരമായി. വൈകുന്നേരം ഓഫീസുകളിലും മറ്റും ജോലി കഴിഞ്ഞ് പോയവരും വിദ്യാർഥികളും ആണ് റോഡിലെ വെള്ളക്കെട്ട് മൂലം ഏറെ വലഞ്ഞത്. ശക്തമായ മഴയെതുടർന്ന് കടൽക്ഷോഭവും രൂക്ഷമാണ്. ഇരവിപുരം, കാക്കത്തോപ്പ്, കരുനാഗപ്പള്ളി ആലപ്പാട് തുടങ്ങിയ തീരദേശമേഖലകളിലാണ് കടൽക്ഷോഭം ശക്തമായത്.
കുളത്തൂപ്പുഴ, പത്തനാപുരം, തെന്മല, അഞ്ചൽ, പുത്തൂർ, പട്ടാഴി, ആയൂർ എന്നിവിടങ്ങളിൽ കൃഷിയ്ക്കും നാശം സംഭവിച്ചു. ചവറ: കാലവർഷത്തെ തുടർന്ന് കടൽ പ്രക്ഷുപ്തമായതോടു കൂടി പരമ്പരാഗത വള്ളങ്ങളിലെ മത്സ്യബന്ധന തൊഴിലാളികൾ ആശങ്കയിലായി. ട്രോളിംഗ് നിരോധനത്തെ തുടർന്ന് കടൽ കനിയുമെന്ന പ്രതീക്ഷയിലായിരുന്നു വള്ള ഉടമകളും തൊഴിലാളികളും. എന്നാൽ കടലിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ നാമമാത്രമായ വള്ളങ്ങൾ മാത്രമാണ് കടലിൽ ഇറങ്ങിയത്.
കടലിൽ പോകുന്ന വള്ളങ്ങൾ പുലർച്ചെ മുതൽ നീണ്ടകര ഹാർബറിൽ ആണ് എത്തി തുടങ്ങുന്നത്. എന്നാൽ പുലർച്ചെ മുതൽ കടലിൽ ശക്തമായ മഴയും കാറ്റും ഉണ്ടെന്ന വിവരത്തെ തുടർന്ന് 90 ശതമാനം വള്ളങ്ങളും കടലിൽ പോയില്ല.
എന്നാൽ വള്ളങ്ങൾ മീനുമായി എത്തുമെന്ന് കരുതി അനുബന്ധ തൊഴിലാളികളും മത്സ്യം വാങ്ങാൻ എത്തിയവരും നിരാശരായി മടങ്ങി. ദിവസങ്ങൾക്ക് മുമ്പ് നീണ്ടകര തുറമുഖത്ത് നിന്നും മത്സ്യ ബന്ധനത്തിനു പോയ തമിഴ്നാട് സ്വദേശിയുടെ വള്ളം നടുക്കടലിൽ ഞായറാഴ്ച്ച പകൽ മറിഞ്ഞിരുന്നു.
വള്ളത്തിൽ ഉണ്ടായിരുന്ന ആറു തൊഴിലാളികളെയും തീരരക്ഷാ സേന സമീപത്തുണ്ടായിരുന്ന ചരക്കുകപ്പലിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി.ശക്തമായ കടൽക്ഷോഭം ഉള്ളതിനാൽ വള്ളക്കാരും കടലിലേയ്ക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. വരും ദിവസങ്ങളിലും മഴയും കാറ്റും ഉണ്ടാകുമെന്ന സൂചന വള്ളത്തിൽ പോകുന്ന മത്സ്യതൊഴിലാളികളെ നിരാശരാക്കുകയാണ്.
കുളത്തൂപ്പുഴ: കാലവര്‍ഷത്തോടൊപ്പമെത്തിയ ശക്തമായ കാറ്റില്‍ പാതയോരത്തെ മരങ്ങള്‍ കടപുഴകുകയും ശിഖരങ്ങള്‍ തകര്‍ന്ന് വൈദ്യുതി ലൈനുകള്‍ക്ക് മുകളിലേക്ക് വീഴുകയും ചെയ്തതോടെ കിഴക്കന്‍ മേഖലയില്‍ വൈദ്യുതി തടസവും അഞ്ചല്‍ പാതയില്‍ ഏറെ നേരം ഗതാഗത തടസവും ഉണ്ടായി. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കുളത്തൂപ്പുഴ മേഖലയില്‍ മഴ ശക്തമായിരുന്നു. എന്നാല്‍ സന്ധ്യയോടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്. ഒരു മണിക്കൂറിലധികം സമയത്തേക്ക് ശക്തമായ മഴ നീണ്ടു നിന്നു. കാറ്റും മഴയുമെത്തിയതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.
അഞ്ചല്‍ പാതയില്‍ ഏഴംകുളത്തിനു സമീപം റോഡുവക്കില്‍ നിന്നിരുന്ന റബര്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ അടര്‍ന്നും റോഡിനു കുറുകെ വൈദ്യുതി ലൈനിനു മുകളിലൂടെ വീണതിനാലാണ് വൈദ്യുതി ബന്ധം തടസപ്പെട്ടത്. പാതയ്ക്ക് കുറുകെയുള്ള വൈദ്യുതി ലൈനുകള്‍ മരച്ചില്ലകള്‍ വീണ് വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത നിലയിലായതിനാല്‍ പാതയിലെ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.
ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ നാട്ടുകാര്‍ മരങ്ങള്‍ എസ്കവേറ്റര്‍ ഉപയോഗിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. ഇതിനിടെ കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും നഷ്ടമായ വൈദ്യുതി ബന്ധം രാത്രി വൈകിയും പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍.