തലശേരി: സി.ഒ.ടി നസീര്‍ വധശ്രക്കേസില്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മരവിപ്പിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം ഇന്നു രാവിലെയാണ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചത്. അന്വേഷണ സംഘാംഗങ്ങളായ സിഐ വിശ്വംഭരന് നായരെ കാസര്‍ഗോഡ് ജില്ലയിലേക്കും എസ്ഐ ഹരീഷിനെ കോഴിക്കോട് റൂറലിലേക്കുമാണ് മാറ്റിയിരുന്നത്. എന്നാല്‍ തല്ക്കാലം ഇരുവരും ചുമതല ഒഴിയരുതെന്ന നിര്‍ദേശമാണ് ഇന്ന് എത്തിയിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത് കേസ് അന്വേഷണം അട്ടിമറിക്കാനെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം മരവിപ്പിച്ചതെന്നാണ് അറിയുന്നത്.
അതിനിടെ സിപിഎം സംസ്ഥാന കമ്മറ്റി അംഗവും എംഎല്‍എ യുമായ എ.എന്‍. ഷംസീറിനെതിരെ ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും പാര്‍ട്ടി പ്രദേശിക നേതൃത്വമോ ജില്ലാ നേതൃത്വമോ പ്രതികരിക്കാത്തത് സജീവ ചര്‍ച്ചയായിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ പൊതുയോഗങ്ങളിലൂടെയും മറ്റും ശക്തമായ പ്രതിരോധം സൃഷ്ടിക്കാറുള്ള പാര്‍ട്ടി ഈ സംഭവത്തില്‍ തുടരുന്ന മൗനം ശ്രദ്ധേയമാണ്. “സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല…പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്…ഉപ്പു തിന്നവര്‍ വെള്ളം കുടിച്ചോട്ടെ…’അന്വേഷണ സംഘത്തിന് പാര്‍ട്ടിയിലെ പ്രമുഖ നേതാവില്‍ നിന്നു ലഭിച്ച നിര്‍ദേശമാണിത്.
നസീറിനെ വധിക്കാനെത്തിയ സംഘം സംഭവദിവസവും തലേദിവസവും ഓവര്‍ബറീസ് ഫോളിയില്‍ സൂര്യാസ്തമയ സമയത്ത് ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മറ്റൊരു കേന്ദ്രത്തില്‍ ഗൂഢാലോചന നടത്തി ഓപ്പറേഷന് പ്ലാന്‍ ചെയ്ത ശേഷം നടപ്പിലാക്കുന്നതിനായിട്ടാണ് സംഘം ഇവിടെയെത്തിയതെന്നാണ് പോലീസിന്റെ നിഗമനം. വധശ്രമത്തിന്റെ തലേദിവസം സംഘാംഗങ്ങളില്‍ ചിലരെ ഓവര്‍ബറീസ് ഫോളിയില്‍ സി.ഒ.ടി നസീര്‍ കാണുകയും അറിയുന്നവരായതിനാല് അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ നല്ല പരിചയക്കാരായിട്ടും അവര്‍ തിരിച്ച് അഭിവാദ്യം ചെയ്തിരുന്നില്ലെന്ന് നസീര്‍ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്.കഴിഞ്ഞ ദിവസം കോടതിയില്‍ കിഴടങ്ങിയ മുഖ്യപ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍ (26), കൊളശേരി ശ്രീലക്ഷ്മി ക്വാട്ടേഴ്സില്‍ റോഷന് (26) എന്നിവരെ ഇന്ന് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. ഇതിനിടയില്‍ കേസിലെ പ്രതികളെന്ന് സംശയിക്കുന്ന വിപിന്‍ എന്ന ബ്രിട്ടോ, ജിത്തു, മിഥുന് എന്നിവര്‍ അഡ്വ.ഷാനവാസ് മുഖാന്തിരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹർജി ജില്ലാ സെഷന്‍സ് കാടതിയുടെ പരിഗണനയിലാണുള്ളത്.