തിരുവനന്തപുരം: പത്ത് ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിനായി മെഡിക്കൽ സീറ്റുകൾ പത്ത് ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ന്യൂനപക്ഷപദവിയുള്ള നാല് കോളജുകളെ ഒഴിവാക്കി എട്ട് സ്വാശ്രയ കോളജുകളിൽ സീറ്റ് വർധിപ്പിക്കാനാണ് അനുമതി. ഇതുസംബന്ധിച്ച് ഇറങ്ങിയിരിക്കുന്ന ഉത്തരവിൽ അവ്യക്തതയുണ്ടെന്ന പരാതി ഉയർന്നുകഴിഞ്ഞു.
ഒമ്പത് സർക്കാർ മെഡിക്കൽ കോളജുകളിൽ 25 ശതമാനം സീറ്റ് വർധനയ്ക്ക് പ്രിൻസിപ്പൽമാർ മുഖേന മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകിയിരുന്നു. എട്ട് സ്വാശ്രയ മെഡിക്കൽ കോളജുകളോടും ഇത്തരത്തിൽ അപേക്ഷ നൽകാൻ ഇന്നലെ വൈകുന്നേരം സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ന്യൂനപക്ഷപദവിയുള്ള കോളജുകൾക്ക് ഇത്തരത്തിലൊരു അറിയിപ്പ് നൽകിയില്ല.
സീറ്റ് വർധനയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഇന്നലെയായിരുന്നു. ഇന്നു രാവിലെയാണ് സീറ്റ് വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. വിദ്യാർഥികളെ മറ്റു കോളജുകളിലേക്ക് മാറ്റി അടച്ചുപൂട്ടാൻ നിർദേശമുയർന്നിരുന്ന സ്വാശ്രയകോളജിനുൾപ്പെടെ സീറ്റ് വർധന കിട്ടിയെന്നും ആക്ഷേപം ഉയരുന്നുണ്ട്. വർധിപ്പിച്ച സീറ്റുകളിലെ ഫീസിനേക്കുറിച്ചും സാമ്പത്തികസംവരണം നടപ്പാക്കുന്നതിനാണോ എന്നതു സംബന്ധിച്ചും അവ്യക്തതയുണ്ട്.