പട്ന: ബിഹാറിൽ മസ്തിഷ്ക ജ്വരം പടരുന്നു. മുസാഫർപുർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 കുട്ടികൾ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 133 കുട്ടികളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെത്തുടർന്നും രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞതിനെ തുടർന്നുമാണ് ആശുപത്രിയിൽ കുട്ടികളെ പ്രവേശിപ്പിച്ചിട്ടുള്ളതെന്നാണ് സർക്കാർ വിശദീകരണം.
കുട്ടികൾ മരിച്ച സാഹചര്യത്തിൽ വിദഗ്ധ ആരോഗ്യസംഘത്തെ ബിഹാറിലേക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രോഗം തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി ജില്ലാ ഭരണകൂടവും വ്യക്തമാക്കി.
അതേസമയം കൂടുതൽ കുട്ടികളുടെയും മരണകാരണം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് താഴ്ന്നു പോകുന്ന ഹൈപോഗ്ലൈസീമിയ എന്ന അവസ്ഥയാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും 90 ശതമാനം കുട്ടികളുടെയും മരണം സംഭവിച്ചിരിക്കുന്നത് ഹൈപോഗ്ലൈസീമിയ മൂലമാണെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളെല്ലാം രോഗബാധിതരായ കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഗ്രാമീണ മേഖലയിൽ നിന്നുള്ളവരെയാണ് കൂടുതലും രോഗം ബാധിച്ചിരിക്കുന്നത്. 15 വയസിന് താഴെയുള്ള കുട്ടികളെയാണ് സാധാരണയായി മസ്തിഷ്ക ജ്വരം ബാധിക്കാറുള്ളത്. കടുത്ത പനിയാണ് ആദ്യ ലക്ഷണം. തുടർന്ന് കുട്ടികൾ അബോധാവസ്ഥയിലാകും. കൊതുകുകളാണ് രോഗം പരത്തുന്നത്.
കടുത്ത വേനലും ഉയർന്ന ഈർപ്പവുമാണ് മസ്തിഷ്ക ജ്വരം പടരാനുളള ഏറ്റവും അനുകൂലമായ സാഹചര്യം. കഴിഞ്ഞ വർഷവും മസ്തിഷ്ക ജ്വരം ബാധിച്ച് ബിഹാറിൽ പത്ത് കുട്ടികൾ മരിച്ചിരുന്നു. പ്രളയക്കെടുതി നേരിട്ട വടക്കൻ ബിഹാറിൽ നിന്നുള്ള കുട്ടികളാണ് മരിച്ചവരിൽ ഏറെയും.
സാഹചര്യങ്ങൾ ഗുരുതരമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കാനും ബോധവത്കരണം നടത്താനും ആരോഗ്യ വകുപ്പിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി. ആരോഗ്യവകുപ്പ് അധികൃതർ മുസാഫർപുർ ജില്ലയിൽ സന്ദർശം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.