മങ്കൊന്പ്: പുഞ്ചപ്പാടത്തെ പൂങ്കുയിലേ നീ.. പുന്നാരപ്പാട്ടൊന്നു പാടാമോ ’ -നെഹ്റുട്രോഫി വള്ളംകളിയുടെ ദൃക്സാക്ഷി വിവരണം കേട്ടു ജിജ്ഞാസയുടെ മുൾമുനയിൽ നിൽക്കുന്ന ശ്രോതാക്കളുടെ, മാനസിക പിരിമുറുക്കത്തിന് അല്പമൊരു അയവു വരുത്താൻ ഒഴുകിയെത്തുന്ന ശബ്ദമാധുര്യം ഇനിയില്ല.
ദൃക്സാക്ഷി വിവരണ രംഗത്ത് തലയെടുപ്പുള്ള ഗാംഭീര്യ ശബ്ദത്തിനുടമയാണ് വിടവാങ്ങിയത്. ജോസഫ് ഇളംകുളം ഓർമയാകുന്പോൾ കുട്ടനാട്ടുകാരനു മാത്രമല്ല, മലയാളികൾക്കാകെ തീരാനഷ്ടമാകുന്നു.
2002 ലെ നെഹ്രുട്രോഫിയിലാണ് ഈ രംഗത്തെ കുലപതിയും, നാട്ടുകാരനുമായിരുന്ന വി.വി ഗ്രിഗറി സാറിന്റെ ശിഷ്യനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടിങ്ങോട്ടുള്ള ജലമേളകളിൽ ഇളംകുളത്തിന്റെ വാക്ചാതുരിയും, നാടൻപാട്ടുകളും ഒഴിവാക്കാനാവാത്ത ഘടകമായി.
ഗ്രിഗറി സാറിന്റെ വേർപാട് സൃഷ്ടിച്ച വിടവ് ഇളംകുളത്തിന്റെ മറവിൽ ശ്രോതാക്കളറിയാതെ പോയി. ഇപ്പോൾ ഗ്രിഗറിസാറിന്റെ നിഴലായി വന്ന് അങ്ങനെതന്നെ മടങ്ങുന്പോൾ കമന്ററിയെന്ന കലയ്ക്കാണു മങ്ങലേൽക്കുന്നത്. ഇരുവരുടെയും നഷ്ടം ചന്പക്കുളം ഗ്രാമത്തിന്റെയും നഷ്ടമാണ്. ആരാധകരെ വള്ളംകളി കേൾപ്പിക്കുന്നതിൽ മാത്രമൊതുങ്ങുന്നില്ല ഇളംകുളത്തിന്റെ പ്രവർത്തനമേഖല.
കേരള റോവിങ് ആൻഡ് പാഡ്ലിംഗ് ബോട്ട് ക്ലബ് അസോസിയേഷൻ, കേരള ബോട്ട് റേസ് ലീഡേഴ്സ് ഫൗണ്ടേഷൻ ഭാരവാഹി, എൻടിബിആർ സൊസൈറ്റി കമ്മിറ്റി അംഗം, നടുംഭാഗം പുത്തൻചുണ്ടൻ എക്സിക്യൂട്ടീവ് അംഗം, കേരള കോണ്ഗ്രസ് (സ്കറിയ) സംസ്ഥാന കമ്മിറ്റി അംഗം, ചന്പക്കുളം സെന്റ് മേരീസ് എച്ച്എസ് സ്കൂൾ പിടിഎ പ്രസിഡന്റ്, ചന്പക്കുളം സ്കൂൾ നിർമാണ കമ്മിറ്റി അംഗം, കത്തോലിക്കാ കോണ്ഗ്രസ് യൂണിറ്റ് സെക്രട്ടറി, ജില്ലാ പ്രവാസി ചാരിറ്റി കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.