കൊല്ലം :അഞ്ചല്‍ തടിക്കാട് ഹയര്‍സെക്കണ്ടറിസ്കൂളിലെ പ്യൂണ്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയ യുവതിയെയും ഭര്‍ത്താവിനെയും ചിലര്‍ മര്‍ദിച്ചുവെന്ന പരാതി സംബന്ധിച്ച് കേരള വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന് അംഗം എം എസ് താര കേസ് എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് എന്ത് നടപടി സ്വീകരിച്ചുവെന്ന റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം നല്‍കാനും കൊല്ലം എസ് പിയോട് വനിതാ കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്.
മാനേജരുടെ നിര്‍ദേശപ്രകാരം ജോലിയില്‍ പ്രവേശിക്കാനെത്തിയ യുവതിയെ മാനേജ്മെന്റിലെ തന്നെ ചില അംഗങ്ങള്‍ തടഞ്ഞുവെച്ച് മര്‍ദിച്ചതായാണ് ആരോപണം. മാനേജ്മെന്റിലെ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമെങ്കില്‍ അത് തീര്‍പ്പാക്കുന്നതിനും യുവതിയുടെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനും നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന് അഭിപ്രായപ്പെട്ടു. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.