മുക്കം: നഗരസഭയിലെ കച്ചേരി അങ്കണവാടിയിലെ കുരുന്നുകൾ ഇനി “തീവണ്ടി’യിൽ ഇരുന്ന് പഠിക്കും. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് കച്ചേരിയിലെ അങ്കണവാടി കെട്ടിടം ടോട്ടോച്ചാൻ മാതൃകയിൽ പെയിന്റടിച്ചത്. കെട്ടിടത്തിന് പുറത്ത് മാത്രമല്ല, അകത്തും മാറ്റങ്ങളേറെയുണ്ട്.
ടോം ആൻഡ് ജെറിയും മീനും പൂച്ചയുമെല്ലാം കുരുന്നുകൾക്ക് കൗതുകമായി അകത്തെ ചുമരുകളിൽ നിറഞ്ഞു നിൽക്കുന്നു. ഒപ്പം അക്ഷരങ്ങളും അക്കങ്ങളും നിറഞ്ഞ മാവും. അക്ഷരങ്ങളും അക്കങ്ങളും കുട്ടികളെ പെട്ടെന്ന് പഠിപ്പിക്കാനാണ് മാവിലെ മാങ്ങകളായി ചിത്രീകരിച്ചതെന്ന് അധ്യാപിക പറഞ്ഞു. നരിക്കുനി സ്വദേശി സുരേഷാണ് കുറഞ്ഞ ചിലവിൽ അങ്കണവാടിക്ക് പുതുമോടി നൽകിയത്.
അങ്കണവാടി കെട്ടിടം മികച്ചതായയോടെ കുട്ടികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഈ വർഷം 17 കുട്ടികളാണ് അങ്കണവാടിയിൽ ആദ്യക്ഷരങ്ങൾ പഠിക്കാൻ എത്തിയത്. കുടയും യൂണിഫോമുമെല്ലാം സൗജന്യമായി നൽകിയാണ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പ്രവേശനോത്സവ ദിനത്തിൽ കുട്ടികളെ സ്വീകരിച്ചത്. അങ്കണവാടി മോണിറ്ററിംഗ് കമ്മിറ്റിയും സംസ്കാര ക്ലബ്ബും ചേർന്നാണ് കുടയും യൂണിഫോമും നൽകിയത്.