അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തിൽ 70 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന പശ്ചാത്തലത്തിൽ മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനത്തേക്കു മാറ്റുകയും ചെയ്തു.
രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്റെ 52 ടീമുകൾ ഗുജറാത്തിലെത്തിയിട്ടുണ്ട്. കച്ച്, മോർബി, ജാംനഗർ, ജൂനഗഡ്, ദേവഭൂമി-ദ്വാരക, അമ്രേലി, ഭാവ്നഗർ, ഗിർ-സോമനാഥ് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നല്‍കിയിട്ടുള്ളത്.
155 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.