കൊച്ചി: മുസ്ലിം വിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടനവുമായി പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്. തന്റെ ഫോണ് സംഭാഷണത്തിൽ പലപ്രാവശ്യമായി പറഞ്ഞ കാര്യങ്ങൾ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പി.സി.ജോർജ് പത്രക്കുറിപ്പിൽ പറഞ്ഞു.
ഈരാറ്റുപേട്ടയിലെ മുസ്ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി നാലു പതിറ്റാണ്ടുകാലം ശബ്ദിച്ച ആളാണ് താൻ. എന്നാൽ താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നു.
ഫോണ് സംഭാഷണത്തിൽ തന്നെ സ്നേഹിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ദുഖവും അമർഷവും ഉണ്ടാക്കിയെന്ന് മനസിലാക്കുന്നതായും അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും പി.സി. ജോർജ് പറഞ്ഞു.
മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്നു പറയുന്ന ജോർജിന്റെ ഫോണ് സംഭാഷണം പുറത്തുവന്നിരുന്നു.