ബെന്നി ചിറയിൽ
ചങ്ങനാശേരി: ബാങ്ക് മാനേജരെന്ന വ്യാജേന അക്കൗണ്ട് ഉടമകളെ ഫോണിൽ വിളിച്ച് ഒടിപി നന്പർ കരസ്ഥമാക്കി പണം തട്ടിയതു സംബന്ധിച്ച കേസ് അന്വേഷണം മരവിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റിയതിനെ തുടർന്നാണ് കേസന്വേഷണം മരവിച്ചത്.
കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കോട്ടയം, ചങ്ങനാശേരി, തൊടുപുഴ മേഖലകളിലെ ഒരു ഡസനോളം കോളജ്, സ്കൂൾ അധ്യാപകരുടെ പണം ബാങ്ക് എടിഎമ്മിൽ നിന്നും നഷ്ടമായത്. ബാങ്കിൽ ശന്പളം വരുന്ന സമയം നോക്കിയാണ് സംഘം തട്ടിപ്പു നടത്തിയിരുന്നത്. വിവിധ ബാങ്കുകളിൽ നിന്നായി ഏഴു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു.
കോട്ടയം ജില്ലാ പോലീസ് മുൻ മേധാവി ഹരിശങ്കറിന്റെ നിർദേശ പ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പോലീസ് സംഘമാണ് ഒടിപി തട്ടിപ്പ് അന്വേഷണം നടത്തിയത്. ചങ്ങനാശേരി മുൻ എസ്ഐ എം.ജെ.അഭിലാഷ് ഉൾപ്പെടുന്ന നാലംഗ സംഘം ജാർഖണ്ഡിലെത്തി പത്തു ദിവസം കേസ് സംബന്ധിച്ച് അന്വേഷണം നടത്തിയതാണ്.
ജാർഖണ്ഡ് കൂടാതെ ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിരവധി സംഘങ്ങൾ ഒടിപി തട്ടിപ്പിലൂടെ പണം സന്പാദിക്കുന്നതായും പോലീസിനു സൂചന ലഭിച്ചിരുന്നു. സംഘത്തിന് ജാർഖണ്ഡിൽ വൻ വേരുകളുണ്ടെന്നും തട്ടിപ്പിനായി ഉപയോഗിക്കുന്ന ഫോണുകൾ വ്യാജരേഖകൾ ചമച്ച് സംഘടിപ്പിച്ചതാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
പണം നഷ്ടപ്പെട്ടവർക്ക് തട്ടിപ്പുകാരിൽ നിന്നും ലഭിച്ച ഫോണ് കോളുകളിലെ നന്പറുകൾ സൈബർ സെല്ല് പരിശോധന നടത്തിയപ്പോൾ ഇവ പലതും വ്യാജമായി തരപ്പെടുത്തിയതാണെന്ന സൂചനകളാണ് പോലീസിന് ലഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ നിന്നും ആധാർ രേഖകളും ഫോണ് നന്പറുകളും ചോർത്തിയാണ് തട്ടിപ്പ് സംഘം അക്കൗണ്ട് ഉടമകളിൽ നിന്നും ഒടിപി നന്പർ ശേഖരിക്കുന്നത്.
ഒടിപി കൈമാറി ഞൊടിയിടയിൽ ബാങ്കിൽ നിന്നും ഓണ്ലൈൻ മുഖേന സംഘം പണം പിൻവലിക്കുകയാണ് ചെയ്യുന്നത്. ഏതാനും സമയം കൂടി മാത്രമേ തട്ടിപ്പു സംഘം ഈ ഫോണ് ഉപയോഗിക്കാറുള്ളൂ. പണം നഷ്ടമായവർ ബാങ്കിനെ സമീപിച്ചപ്പോൾ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. ഒടിപി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ പിടികൂടാൻ പോലീസ് അന്വേഷണം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.