സ്വന്തം ലേഖകൻ
തൃശൂർ: ഇന്നലെ അന്തരിച്ച പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർക്ക് നാടിന്റെ ശ്രദ്ധാഞ്ജലി. ഇന്നലെ രാത്രിയോടെ പരമേശ്വരമാരാരുടെ വസതിയായ കൊടകര പ്രശാന്തിയിൽ കൊണ്ടുവന്ന മൃതദേഹം ഇന്നുരാവിലെ ഒന്പതോടെ കൊടകര കാവിൽ എൻഎസ്എസ് കരയോഗം ഹാളിൽ പൊതുദർശനത്തിനു വച്ചു. ഇന്നലെ സ്വന്തം വസതിയിലും, ഇന്ന് രാവിലെ പൊതുദർശനത്തിനുവച്ച എൻഎസ്എസ് കരയോഗം ഹാളിലും പരമേശ്വരൻമാരാർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മേള ആസ്വാദകരും, കലാകാരന്മാരുമായ നിരവധിപേരാണ് എത്തിയത്.
ഉച്ചയ്ക്കു 12 മണിയോടെ കൊടകരയിൽനിന്ന് ജന്മനാടായ അന്നമനടയിലേക്ക് മൃതദേഹം കൊണ്ട ുപോകും. 12.30ന് അന്നമനട പഞ്ചായത്ത് സ്മൃതിമണ്ഡപത്തിൽ പൊതുദർശനത്തിനു വച്ചശേഷം ഒരുമണിയോടെ സംസ്കാരത്തിനായി തിരുവില്വാമല പാന്പാടി ഐവർമഠത്തിലേക്കു കൊണ്ട ുപോകും. 3.30നാണ് സംസ്കാര ചടങ്ങുകൾ. തൃശൂർ പൂരം പഞ്ചവാദ്യ പ്രമാണിയും തിമില വിദ്വാനുമായ അന്നമനട പരമേശ്വരമാരാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്.
കൊടകര കാവിൽമാരാത്ത് ശാന്ത മാരസ്യാരാണ് ഭാര്യ. മക്കൾ: കലാമണ്ഡലം ഹരീഷ്, കല, ധന്യ. മരുമക്കൾ: തായന്പക കലാകാരി നന്ദിനി വർമ, സുനിൽ.പഞ്ചവാദ്യ പരിഷ്കർത്താവ് എന്ന നിലയിൽ അറിയപ്പെട്ടിരുന്ന മാരാർ ദീർഘനാൾ തൃശൂർ പൂരം മഠത്തിൽവരവ് പഞ്ചവാദ്യത്തിൽ മേളപ്രമാണിയായിരുന്നു. ഒട്ടേറെ പ്രമുഖ ഉത്സവങ്ങളിലും സജീവസാന്നിധ്യമായിരുന്നു. അന്നമനട പരമേശ്വര മാരാർ, പല്ലാവൂർ മണിയൻ മാരാർ, പല്ലാവൂർ കുഞ്ഞുക്കുട്ടൻ മാരാർ എന്നിവരാണു ഗുരുക്കന്മാർ. പല്ലാവൂർ സഹോദരൻമാർ, ചോറ്റാനിക്കര നാരായണമാരാർ തുടങ്ങിയ പ്രഗത്ഭർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
അന്നമനട പടിഞ്ഞാറെ മാരാത്ത് പാറുക്കുട്ടി മാരാസ്യാരുടെയും തോട്ടുപുറത്ത് രാമൻനായരുടെയും മകനായി 1952ലാണ് ജനനം. 13-ാം വയസിൽ കലാമണ്ഡലത്തിൽ ചേർന്നു. പതിനേഴാം വയസിൽ പഠനം പൂർത്തിയാക്കി. പിൽക്കാലത്തു കലാമണ്ഡലത്തിൽ അധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇക്കാലത്തു നിരവധി വാദ്യപരിഷ്കാരങ്ങളും കൊണ്ടുവന്നിരുന്നു. തിമിലപഠനത്തിനുള്ള പാഠ്യപദ്ധതി പരിഷ്കരിച്ചതും പരമേശ്വര മാരാരാണ്.
ഇന്നലെ വൈകിട്ടുതന്നെ പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻ മാരാർ, കേളത്ത് സുന്ദരൻ മാരാർ, കോണ്ഗ്രസ് നേതാവ് ടി.യു.രാധാകൃഷ്ണൻ, കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ തുടങ്ങിയവർ പരമേശ്വരൻ മാരാരുടെ വസതിയിലെത്തി അന്ത്യമോപചാരമർപ്പിച്ചിരുന്നു.