തലശേരി: വടകര പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചതായി റിപ്പോർട്ട്. ഏഴു ദിവസത്തേക്കു കോടതി പോലീസ് കസ്റ്റഡിയിൽവിട്ട കേസിലെ മുഖ്യപ്രതികളായ കതിരൂർ വേറ്റുമ്മൽ ശ്രീജിനും കൊളശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷനുമാണു ചോദ്യം ചെയ്യലിൽ മനസുതുറന്നു വിലപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘത്തിനു നൽകിയിട്ടുള്ളത്.
കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന് ഓപ്പറേഷൻ സംബന്ധിച്ചും ഗൂഢാലോചന സംബന്ധിച്ചും വിലപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തെളിവുകൾ ശാസ്ത്രീയമായി ശേഖരിച്ച ശേഷം ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിലേക്കു കടക്കാനാണ് ആലോചിക്കുന്നതെന്നു പോലീസ് വൃത്തങ്ങൾ പറഞ്ഞു.
“ഓറ് പറഞ്ഞാൽ എതിർക്കാൻ കഴിയില്ല…. ചെയ്തോളൂ പാർട്ടി നോക്കിക്കൊള്ളുമെന്നാണു പറഞ്ഞത്. എന്നാൽ ഇപ്പോൾ പാർട്ടിയും കൈവിട്ടു’. ജീവിക്കാൻ പോലും വകയില്ലാത്ത സ്ഥിതിയാണെന്നു പിടിയിലായ പ്രതികൾ പോലീസിനോടു പറഞ്ഞു.
മുഖ്യസൂത്രധാരനെന്നു പോലീസ് സംശയിക്കുന്ന കുണ്ടുചിറ സ്വദേശിയെയാണ് ” ഓറ് ” എന്നു പ്രതികൾ അഭിസംബോധന ചെയ്യുന്നതെന്നും ഇയാളോടു പ്രതികൾക്ക് ഒരു തരം ആരാധനയാണുള്ളതെന്നും വിവാഹ വീടുകളിലുൾപ്പെടെ മുഖ്യസൂത്രധാരനു ലഭിക്കുന്ന സ്വീകരണവും ആദരവുമാണു പ്രതികൾക്ക് അയാളോട് ആരാധന ഉണ്ടാകാൻ കാരണമെന്നും പോലീസ് പറഞ്ഞു. മുഖ്യസൂത്രധാരനെന്നു കരുതുന്നയാൾക്ക് പ്രത്യേക രാഷ്ട്രീയമൊന്നും ഇല്ല. അതേസമയം ഇയാളെ ആരെങ്കിലും വാടകയ്ക്ക് എടുത്തതാണോയെന്നും പോലീസ് അന്വേഷിക്കും.
ശ്രീജിന്റെ കതിരൂർ വേറ്റുമ്മലിലെ വീടിന്റെ പരിസരത്തു പോലീസ് നടത്തിയ തെളിവെടുപ്പിൽ പൊട്ടിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെടുത്തു. ചോർന്നൊലിക്കുന്ന വീട് നന്നാക്കുന്നതിന് കതിരൂരിലെ ബാങ്കിൽ നിന്നും വ്യക്തിഗത വായ്പപയായി എടുത്ത 30,000 രൂപയിൽ നിന്നുള്ള പതിനായിരം രൂപയെടുത്താണ് ഒളിവിൽ കഴിയുമ്പോൾ ചെലവ് നടത്തിയതെന്നു ശ്രീജിൻ പോലീസിനോടു പറഞ്ഞു. വായ്പയെടുത്ത പണം സഹോദരിയെ ഏൽപ്പിച്ചാണു സ്ഥലം വിട്ടത്. തമിഴ്നാട്ടിലെത്തിയപ്പോൾ ചെലവിനു പോലും പൈസയില്ലാതായി.
ഒടുവിൽ സഹോദരിയാണു വായ്പയെടുത്ത തുകയിൽ നിന്നും 10,000 രൂപ അയച്ചു തന്നതെന്നും ശ്രീജിൻ മൊഴിയിൽ പറയുന്നു. തനിക്കു കൊളശേരിയിലെ സുഹൃത്തുക്കൾ 5000 രൂപ അയച്ചുതന്നതു കൊണ്ടാണു പട്ടിണി കിടക്കാതിരുന്നതെന്നു റോഷൻ മൊഴി നൽകി. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്ന പ്രതികൾ പാർട്ടി കൈവിട്ടതിലെ സങ്കടവും പോലീസിനോട് പങ്കുവയ്ക്കുന്നുണ്ട്.
നസീറിനെ കുത്താനുപയോഗിച്ച കത്തിയും അടിക്കാനുപയോഗിച്ച ഇരുമ്പുദണ്ഡും ഇന്നലെ പോലീസ് കൊളശേരിയിൽ നിന്നും കണ്ടെത്തിയിരുന്നു. മുഖ്യപ്രതി റോഷനെ തലശേരി സിഐ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കൊളശേരി, വാവാച്ചി മുക്ക് എന്നിവിടങ്ങളിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.
സംഭവ സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ സബ് ജയിലിൽ നിന്നുമാണു കണ്ടെടുത്തത്. കോടതിയിൽ കീഴടങ്ങി റിമാൻഡിലായപ്പോൾ ജയിലിൽ കൊണ്ടുവന്ന വസ്ത്രങ്ങളാണ് ഇന്നലെ ജയിലിൽ നിന്നും പോലീസ് കസ്റ്റഡിയിയിൽ എടുത്തത്.
കണ്ടെടുത്ത വസ്ത്രങ്ങളും ആയുധങ്ങളും പോലീസ് ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. പ്രതികൾ സഞ്ചരിച്ച പൾസർ ബൈക്ക് നേരത്തെ കണ്ടെടുത്തിരുന്നു. ചൊവ്വാഴ്ചയാണു രണ്ടു പ്രതികളേയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. മേയ് 18നാണു കായത്ത് റോഡിൽവച്ചു നസീറിനു നേരെ വധശ്രമമുണ്ടായത്.
ഇതിനിടയില്‍ തലശേരി എഎസ്പി ഡോ.അരവിന്ദ് സുകുമാറിനെ വൈക്കം എഎസ്പിയായി സ്ഥലം മാറ്റി കൊണ്ട് ഇന്നലെ രാവിലെ ഉത്തരവിറങ്ങി. നസീര്‍ വധശ്രമക്കേസിലെ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നതിനിടയിലാണ് എഎസ്പിയെ സ്ഥലം മാറ്റിയത്. കേസിലെ പ്രതികളെന്നു സംശയിക്കുന്ന വിപിന്‍ എന്ന ബ്രിട്ടോ, ജിത്തു, മിഥുന് എന്നിവര്‍ അഡ്വ.ഷാനവാസ് മുഖാന്തിരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹർജി ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.