തൃശൂർ: നഗരത്തിലെന്പാടും കലക്കവെള്ളം കുടിവെള്ളമായി എത്തുന്പോൾ കൗണ്‍സിലർമാർ കുടിക്കുന്നതു കുപ്പിവെള്ളം. പതിവുപോലെ വീറും വാശിയും നിറഞ്ഞ ഇന്നലത്തെ കൗണ്‍സിൽ യോഗത്തിലും കൗണ്‍സിലർമാർ കുടിച്ചതു കുപ്പിവെള്ളം.
യോഗം തുടങ്ങിയതുമുതൽ കലക്കവെള്ളമായിരുന്നു വിഷയം. അജൻഡയിലില്ലാതിരുന്നിട്ടുപോലും പ്രശ്നമുന്നയിച്ച് കൗണ്‍സിലർമാർ നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധിച്ചവരും അതിനെ എതിർത്തവരും ഇന്നലെ കൗണ്‍സിൽ ഹാളിൽ കുടിച്ചതു കുപ്പിവെള്ളം.
ഒരു ലിറ്ററിന്റെ രണ്ടു കെയ്സ് കുപ്പിവെള്ളമാണ് യോഗത്തിനിടെ മാത്രം കൗണ്‍സിലർമാർ ഉപയോഗിച്ചത്. കുപ്പിവെള്ളം മാത്രം കുടിക്കുന്നവർ എങ്ങനെ കലക്കവെള്ളത്തിന്റെ പ്രശ്നം തീർക്കുമെന്നു കാത്തിരുന്നു കാണാം.
കലക്കവെള്ളത്തിൽ കലങ്ങി കൗണ്‍സിൽ യോഗം
തൃശൂർ: നഗരത്തിലെ കുടിവെള്ള വിതരണം കുറ്റമറ്റതാക്കുമെന്നും, വാട്ടർ അഥോറിറ്റിയിൽ കുടിശിക വരുത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലുണ്ടാകുമെന്നും കോർപറേഷൻ മേയർ അജിത വിജയൻ. ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം.
നഗരത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളം മാലിന്യം നിറഞ്ഞതാണെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ കുത്തിയിരുന്നു. പഴയ നഗരസഭാ പരിധിയിലെ യുഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളുമാണ് യോഗം തുടങ്ങിയ ഉടൻ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കുടിവെള്ള പൈപ്പുകളിൽനിന്നും ശേഖരിച്ച കലക്കവെള്ളവുമായാണ് ഇവരെത്തിയത്. അജൻഡയിലേക്കു നീങ്ങുന്നതിനു മുന്‍പേ ഈ പ്രശ്നം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. കലക്കവെള്ളത്തിനു പുറമെ ചെളിക്കുളമായ നഗരറോഡുകളും തീരാശാപമായെന്നു പ്രതിപക്ഷം ആരോപിച്ചു. മഴക്കാലമെത്തുമെന്ന മുൻകാഴ്ചയില്ലാത്തതാണ് വലിയ പ്രതിസന്ധിക്ക് ഇടയാക്കിയതെന്നായിരുന്നു ആരോപണം.
കോർപറേഷൻ വാട്ടർ അഥോ റിറ്റിക്കു നല്‍കാനുള്ള കുടിശികയായ 20 കോടി അന്‍പതുലക്ഷം രൂപ സംബന്ധിച്ച് രണ്ടര മണിക്കൂർ നീണ്ട ചർച്ചയാണ് കൗണ്‍സിൽ യോഗത്തിലുണ്ടായത്. 2014 വരെ പ്രതിമാസം ആറരലക്ഷം രൂപയാണ് വാട്ടർ അഥോറിറ്റിയിൽ അടച്ചിരുന്നത്. ഇതിനുശേഷം പ്രതിമാസ അടവ് 34,20, 000 രൂപയായി മാറിയിരുന്നു. പക്ഷേ, ഇത് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട നിർദേശമുണ്ടായപ്പോൾ ആരും എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ലെന്നു കൗണ്‍സിൽ യോഗത്തിൽ ഇരുപക്ഷവും ഒരുപോലെ വാദിച്ചു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കുടിശിക ഇത്രയുമെത്താൻ കാരണമെന്നും കക്ഷിഭേദമെന്യേ കൗണ്‍സിലർമാർ പറഞ്ഞു. കുറ്റക്കാരെ അന്വേഷിച്ചു കണ്ടെത്തുക മാത്രമല്ല, കുടിവെള്ള വിതരണം കുറ്റമറ്റതാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കടുത്ത ബാധ്യത വരുത്തിയത് ആരുടെ ഉത്തരവാദിത്തമായിരുന്നുവെന്ന് അന്വേഷിക്കാൻ കോർപറേഷൻ സെക്രട്ടറി, കോർപറേഷൻ എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്താനും കൗ ണ്‍സിൽ യോഗം ഐക്യകണ് ഠേന തീരുമാനിച്ചു.