ചിറ്റൂർ: ആറ്റാംചേരി പുഴയോര വയലുകളിൽ പാകിയ ഞാറ് പന്നിക്കൂട്ടം ഉഴുതുമറിച്ച് നശിപ്പിക്കുന്നതായി പരാതി. മഴയും കനാൽവെള്ളവും വൈകിയതോടെ ഒന്നാംവിള ജോലികൾക്കും കാലതാമസം നേരിടുകയാണ്.കുഞ്ഞുങ്ങൾ ഉൾപ്പെടെ പത്തും അതിൽ കൂടുതലായുമായാണ് പന്നിക്കൂട്ടം എത്തുന്നത്.
പകൽസമയത്തുപോലും വയലുകളിലും പാതയോരങ്ങളിലും വളർത്തുമൃഗങ്ങളെപോലെയാണ് പന്നിക്കൂട്ടം വിഹരിക്കുന്നത്. നിരത്തിൽ തനിച്ചുവരുന്നവരെ പന്നികൾ ആക്രമിക്കാൻ തുനിയുന്നതും നിത്യസംഭവമാണ്.പുഴയോരത്ത് മാവുകളിൽനിന്നും പഴുത്തുവീഴുന്ന മാന്പഴം തിന്നാനാണ് പന്നിക്കൂട്ടം എത്തുന്നത്.
പന്നിക്കൂട്ടം പതിവായി കൃഷി നശിപ്പിക്കുന്നതിനാൽ പല കർഷകരും നെൽകൃഷി വർഷങ്ങൾക്കുമുന്പേ ഉപേക്ഷിച്ചു. രാത്രിയാകുന്നതോടെ ആറ്റാഞ്ചേരി കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലും നിരത്തുകളിലും ജനസഞ്ചാരം പൂർണമായും നിലയ്ക്കും. പുഴയോരത്ത് സോളാർകന്പിവേലി നിർമിച്ച് പന്നികൾ വയലുകളിലും വീടുകളിലേക്കു എത്തുന്നതും തടയണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പന്നികളെ ഭയന്ന് നേരം വൈകി വീട്ടിലേക്കു വരുന്നവർ ബന്ധുവീടുകളിൽ തങ്ങി രാവിലെയാണ് വീടുകളിലെത്തുന്നത്. രാത്രികാലത്ത് വീടുകളിലുള്ളവർക്ക് അസുഖം ബാധിച്ചാൽ നേരം പുലർന്നാലേ ആശുപത്രിയിലേക്കു കൊണ്ടുപോകാനുമാകൂ.