കൊല്ലം: പെണ്‍കുട്ടിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിഷയത്തിൽ ആരോപണവിധേയരായവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വനിതാ കമ്മീഷൻ. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ച്ചക്കകം റിപ്പോർട്ട് കൈമാറാൻ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ നിർദേശിച്ചു. കമ്മീഷൻ അംഗം എം. എസ് താരയുടെ നിർദേശപ്രകാരമാണ് നടപടി.
പരാതി നൽകിയ പെണ്‍കുട്ടിയെ ഏഴുകോണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി രേഖപ്പെടുത്തിയ മൊഴി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത് ഗുരുതരമായ വീഴ്ച്ചയും കുറ്റകൃത്യവുമാണെന്ന് എം.എസ് താര പറഞ്ഞു. പീഡനത്തിന് വിധേയയായ പെണ്‍കുട്ടിയുടെ പേരോ മറ്റ് കാര്യങ്ങളോ വെളിപ്പെടുത്തരുതെന്ന നിയമമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. കമ്മീഷൻ അംഗം പെണ്‍കുട്ടിയെ നേരിൽ കാണുകയും കമ്മീഷനിൽ ലഭിച്ച പരാതി സംബന്ധിച്ച് മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പിതാവ് ഗൾഫിലായിരിക്കെ പലതവണ പിതാവിന്റെ സുഹൃത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പരാതിയിൽ മൊഴിയെടുക്കുന്നതിന് മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ ഇരുത്തിയതായും ആരോപണമുണ്ട്. പരാതിയിൽ സ്വീകരിച്ച മുഴുവൻ നടപടികളും അറിയിക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.