വാട്സാപ്പിലെ തകരാർ (ബഗ്) കണ്ടെത്തിയതിന് മണിപ്പൂർ സ്വദേശിക്ക് ഫേസ്ബുക്കിന്റെ ആദരം. 22 കാരനായ സോണെൽ സൗഗായി ജാമിനാണ് ഫേസ്ബുക്കിന്റെ വക 5000 യുഎസ് ഡോളർ(ഏകദേശം 3.4 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചത്.
ഇതിനുപുറമേ ഫേസ്ബുക്കിന്റെ ഹാൾ ഓഫ് ഫെയിം 2019 പട്ടികയിലും സോണെലിനെ കന്പനി ഉൾപ്പെടുത്തി. ഫേസ്ബുക്കിലെയും അനുബന്ധ ആപ്പുകളിലെയും ഗുരുതരമായ ബഗുകൾ കണ്ടെത്തിയ 96 പേരാണ് ഇതുവരെ ഫേസ്ബുക്ക് ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.
വാട്സാപ്പിൽ വോയിസ് കോൾ ചെയ്യുന്പോൾ കോൾ സ്വീകരിച്ച ആൾക്ക് കോൾ വിളിച്ച ആളുടെ അനുമതി കൂടാതെതന്നെ വീഡിയോ കോളിലേക്ക് മാറാൻ സഹായിക്കുന്ന തകരാറാണ് സോണെൽ സൗഗായി ജാം കണ്ടെത്തിയത്. തുടർന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകളുടെ പിഴവുകൾ അറിയിക്കാനുള്ള ബഗ് ബൗണ്ടി പ്രോഗാമിൽ താൻ കണ്ടെത്തിയ വിവരം അറിയിക്കുകയായിരുന്നു എൻജിനിയറായ സോണെൽ.